ദിസ്‌പൂര്‍: അരുണാചൽ പ്രദേശിലെ ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. മണിപ്പൂരിലെ കാംഗ്പോക്‌പി സ്വദേശിയായ ഹവിൽദാർ ജങ്ഖോഖായ് കുക്കി (42) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 6:30 ഓടെ ചാങ്‌ലാംഗ് ജില്ലയിലെ നാംപോങ് സർക്കിളിന് കീഴിലുള്ള നാംപോങ് നല്ലാഹ്‍ പ്രദേശത്താണ് സംഭവം. അതിർത്തി വേലി നിർമ്മാണം നടക്കുന്ന പ്രദേശം നിരീക്ഷിക്കാൻ എത്തിയ 21-ാം അസം റൈഫിൾസ് ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, നിരോധിത നാഗാ തീവ്രവാദി സംഘടനയായ എൻ.എസ്.സി.എൻ, കെ-വൈ.എ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹവിൽദാർ ജങ്ഖോഖായ് കുക്കി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികർക്ക് സൈനിക ആശുപത്രിയിൽ ചികിത്സ നൽകിവരികയാണ്.
ആക്രമണം നടന്ന ഉടൻ തന്നെ കരസേനയുടെയും അസം റൈഫിൾസിൻ്റെയും കൂടുതൽ ബറ്റാലിയനുകൾ അതിർത്തി മേഖല വളഞ്ഞു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള കിലോമീറ്ററുകളോളം വരുന്ന നിബിഡ വനങ്ങളിൽ തീവ്രവാദികളെ കണ്ടെത്താനായി കരസേനയും അസം റൈഫിൾസും സംയുക്തമായി അതിശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എങ്കിലും, ആക്രമണം നടത്തിയവരെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അസം റൈഫിൾസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണെന്ന് മാധ്യമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സംഭവത്തില്‍ ചാങ്‌ലാങ് എസ്‌പി കിർലി പാഡു പ്രതികരണം നടത്തി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും, വിശദാംശങ്ങൾ ശേഖരിക്കാൻ ചാങ്‌ലാങ് പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദേശിച്ചതായും എസ്‌പി കിർലി പാഡു പറഞ്ഞു. "ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നടന്ന സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ചാങ്‌ലാങ് പോലീസ് സ്റ്റേഷൻ ഒസി-യോട് ആവശ്യപ്പെട്ടിട്ടുണ്ട്," എസ്‌പി പറഞ്ഞു.
അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ
മ്യാൻമറുമായി അതിർത്തി പങ്കിടുന്ന അരുണാചലിലെ ചാംഗ്ലാങ്, തിരാപ്, ലോംഗ്ഡിംഗ് എന്നീ ജില്ലകൾ കാലങ്ങളായി തീവ്രവാദി സംഘടനകളുടെ സജീവ സാന്നിധ്യമുള്ള പ്രദേശങ്ങളാണ്. വേലി കെട്ടാത്ത അതിർത്തിയായതിനാൽ തീവ്രവാദികൾക്ക് ആക്രമണത്തിന് ശേഷം എളുപ്പത്തിൽ മ്യാൻമറിലേക്ക് കടക്കാൻ സാധിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ സാന്നിധ്യം കാരണം, ചാങ്‌ലാങ് ജില്ലയിലെ ഇന്ത്യ-മ്യാൻമർ അതിർത്തി പ്രദേശം അതീവ സുരക്ഷാ പ്രാധാന്യമുള്ളതും സംഘർഷസാധ്യതയുള്ളതുമായ മേഖലയായി തുടരുകയാണ്.
ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ തീവ്രവാദി ആക്രമണത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു, 4 പേർക്ക് പരിക്ക്
