പാക് വ്യോമപാത വിലക്ക്: ചെലവും യാത്രാസമയവും കുറയ്ക്കാന്‍ ചൈനയുമായി ഇന്ത്യ ചര്‍ച്ചയില്‍

പാക് വ്യോമപാത വിലക്ക്: ചെലവും യാത്രാസമയവും കുറയ്ക്കാന്‍ ചൈനയുമായി ഇന്ത്യ ചര്‍ച്ചയില്‍


ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനയാത്രകളുടെ ദൈര്‍ഘ്യവും ചെലവും കുറയ്ക്കുന്നതിനായി ബദല്‍ വ്യോമപാത തേടി ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തുന്നു. പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് വ്യോമമേഖല ബദല്‍ പാതയായി ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് പ്രധാനമായും പരിഗണിക്കുന്നത്.

ബദല്‍ വ്യോമപാതകള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പടിഞ്ഞാറന്‍ ചൈനയിലെ ഹോട്ടാന്‍ വഴി ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനുള്ള സാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലേറെയായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ന്യൂഡല്‍ഹി സന്ദര്‍ശനവും ബ്രിക്‌സ് ഉച്ചകോടിയിലെ പങ്കാളിത്തവും നടക്കാനിരിക്കെ, ചൈന സതേണ്‍ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗ- ന്യൂഡല്‍ഹി നേരിട്ടുള്ള വിമാന സര്‍വീസ് പുന:രാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആറ് വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരുന്ന സര്‍വീസാണ് ഇതോടെ പുന:രാരംഭിക്കുന്നത്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തടസ്സപ്പെട്ടതും പിന്നീട് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ മൂലം നിലച്ചതുമായ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ദക്ഷിണേഷ്യയിലെ എട്ട് റൗണ്ട് ട്രിപ്പ് റൂട്ടുകളിലായി ആഴ്ചയില്‍ 100ലധികം വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ചൈന സതേണ്‍ എയര്‍ലൈന്‍സ് അറിയിച്ചു.

ഇന്ത്യ- ചൈന വ്യോമഗതാഗതം പുനഃസ്ഥാപിച്ച ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. 2025 ഒക്ടോബറില്‍ കൊല്‍ക്കത്ത- ഗ്വാങ്ഷൗ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ച ഇന്‍ഡിഗോ, നവംബറില്‍ ഡല്‍ഹി- ഗ്വാങ്ഷൗ സര്‍വീസും പുനഃസ്ഥാപിച്ചിരുന്നു.

ഫെബ്രുവരി ഒന്നിന് എയര്‍ ഇന്ത്യയും ഡല്‍ഹി- ഷാങ്ഹായ് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചു. ഇതോടെ ചൈനയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസിലുണ്ടായിരുന്ന ഏകദേശം ആറ് വര്‍ഷത്തെ ഇടവേള അവസാനിച്ചു. മാര്‍ച്ച് 29 മുതല്‍ സര്‍വീസ് ആഴ്ചയില്‍ അഞ്ച് വിമാനങ്ങളായി വര്‍ധിപ്പിക്കുകയും ചെയ്തു.

2025 ഏപ്രില്‍ മുതല്‍ ഇന്ത്യയ്ക്കുള്ള പാകിസ്താന്റെ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള ചില വിമാനങ്ങള്‍ അറബിക്കടലിന് മുകളിലൂടെ ദീര്‍ഘമായ ബദല്‍ പാതയിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഇതുവഴി യാത്രാസമയം, ഇന്ധനച്ചെലവ്, ജീവനക്കാരുടെ ചെലവ് എന്നിവ വര്‍ധിക്കുന്നു.

ദീര്‍ഘദൂര വിമാന സര്‍വീസുകളെയാണ് ഇതിന്റെ ആഘാതം കൂടുതലായി ബാധിക്കുന്നത്. ഇതോടെയാണ് യാത്രാസമയം കുറയ്ക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനുമായി ബദല്‍ വ്യോമപാതകള്‍ കണ്ടെത്തുന്നത് പ്രധാന പരിഗണനയായത്.

2020ലെ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് വഷളായ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍ നടക്കുന്നത്.

ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച നടന്ന ഏഷ്യ സൊസൈറ്റിയുടെ പരിപാടിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യ- ചൈന ബന്ധത്തെക്കുറിച്ച് പ്രതികരിച്ചു. സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു.

'2025നെ അപേക്ഷിച്ച് ഇന്നത്തെ ബന്ധം മെച്ചപ്പെട്ടതാണോ എന്ന് ചോദിച്ചാല്‍, അതെ എന്നാണ് ഞാന്‍ പറയുക. 2024നെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിലും കൂടുതല്‍,' ജയശങ്കര്‍ പറഞ്ഞു.