ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താനും അത് അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ സമ്മര്‍ദോപാധിയായി ഉപയോഗിക്കാനുമുള്ള ഇറാന്റെ ശേഷി കുറയുന്നതാിയ റിപ്പോര്‍ട്ട്. ഇതോടെ നിലപാട് ശക്തിപ്പെടുത്തുന്നതിന് ഇറാന്‍ കൂടുതല്‍ സൈനിക നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യത വര്‍ധിച്ചതായും വിലയിരുത്തലുണ്ട്.
ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും അവ ഒഴിവാക്കി കപ്പലുകള്‍ കടന്നുപോകുന്നതിനുമുള്ള യു എസ് നാവികസേനയുടെയും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദകരുടെയും ശേഷി വര്‍ധിച്ചതാണ് ഇറാന്റെ നിയന്ത്രണം ദുര്‍ബലമാകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ കൂടുതല്‍ എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോകാന്‍ തുടങ്ങിയിട്ടുണ്ട്.
യുദ്ധം ആരംഭിച്ച ഫെബ്രുവരി മാസത്തിന് ശേഷം മധ്യപൂര്‍വദേശത്തെ അസംസ്‌കൃത എണ്ണ കയറ്റുമതി ഈ മാസം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്തിയതായി എണ്ണ വ്യാപാര നിരീക്ഷകര്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയും ബദല്‍ പാതകളിലൂടെയും നടക്കുന്ന എണ്ണ കയറ്റുമതി കഴിഞ്ഞ ആഴ്ചയോടെ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന പ്രാദേശിക കയറ്റുമതിയുടെ 80 ശതമാനത്തിന് തൊട്ടുതാഴെയെത്തിയതായി കപ്പല്‍ ഗതാഗത നിരീക്ഷണ സ്ഥാപനമായ കപ്ലര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യ, ഇറാഖ്, യു എ ഇ തുടങ്ങിയ പ്രധാന മധ്യപൂര്‍വ എണ്ണ ഉത്പാദക രാജ്യങ്ങളില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി ഈ മാസം ഏകദേശം പ്രതിദിനം 1.3 കോടി ബാരലായി ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയും ബദല്‍ പാതകളിലൂടെയും നീങ്ങുന്ന കയറ്റുമതിയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ച സമയത്ത് മധ്യപൂര്‍വദേശം പ്രതിദിനം ഏകദേശം 1.9 കോടി ബാരല്‍ എണ്ണ കയറ്റുമതി ചെയ്തിരുന്നു. അതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കയറ്റുമതി നിലവാരമാണിതെന്ന് കപ്പല്‍ ഗതാഗത നിരീക്ഷണ സ്ഥാപനമായ ഹുവാക്‌സ് വ്യക്തമാക്കുന്നു.
