പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴ കുന്നുംപുറം കാഞ്ഞിരോട്ട് ദിൻഷാ മൻസലിൽ ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറന്മുള കീഴുക്കര വെണ്ണപ്ര പാറയിൽ
സ്വദേശി ജിത്തുവിനെ(28) പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കോഴഞ്ചേരി മാരാമൺ ചെട്ടിമുക്കിലുള്ള റിസോര്‍ട്ടില്‍ ഈ മാസം പതിനൊന്നാം തീയതിയാണ് ദിൻഷ ട്രെയിനിയായി ജോലിക്ക് പ്രവേശിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തായ ജിത്തു റിസോര്‍ട്ടിലെത്തുകയും അതിനുശേഷം ഇരുവരും പുറത്തുനിന്ന് സംസാരിക്കുകയായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. സംസാരത്തിനിടെ ജിത്തു കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ദിൻഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കാരണമെന്ന് പോലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.
സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൻഷക്ക് ജീവൻ ഉണ്ടായിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജിത്തുവിനെ നാട്ടുകാര്‍ പിടികൂടി സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ കോയിപ്രം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ കൊല്ലപ്പെട്ട ദിൻഷയുടെ മൃതദേഹം കോഴഞ്ചേരിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കോഴഞ്ചേരിയിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ, കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം
