ബ്രിട്ടനിലെ യുഎസ് സൈനിക താവളത്തിന് സമീപം പെട്രോൾ കണ്ടെത്തി; വിദേശ ഇടപെടൽ ആരോപണം പരിശോധിച്ച് പൊലീസ്

ബ്രിട്ടനിലെ യുഎസ് സൈനിക താവളത്തിന് സമീപം പെട്രോൾ കണ്ടെത്തി; വിദേശ ഇടപെടൽ ആരോപണം പരിശോധിച്ച് പൊലീസ്


ലണ്ടൻ: അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആർ.എ.എഫ് ഫെയർഫോർഡ് സൈനിക താവളത്തിന് സമീപം സംശയാസ്പദമായി കണ്ടെത്തിയ വാനുകളിൽ സഫോടകവസ്തുക്കൾ ഉണ്ടായിരുന്നില്ലെന്ന് ബ്രിട്ടീഷ് കൗണ്ടർ ടെററിസം പൊലീസ് അറിയിച്ചു. എന്നാൽ വാഹനങ്ങളിൽനിന്ന് ഒരു അളവ് പെട്രോൾ കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത തുടരാൻ കാരണമായി. ഞായറാഴ്ച സഫോടകവസ്തുക്കളും ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ലണ്ടൻ സ്വദേശികളായ അഞ്ച് ബ്രിട്ടീഷുകാരെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ഇവരെ ജാമ്യത്തിൽ വിട്ടെങ്കിലും അന്വേഷണം തുടരുകയാണ്. അറസ്റ്റിനെ തുടർന്ന്  ആർ.എ.എഫ് ഫെയർഫോർഡിൽ 'മേജർ ഇൻസിഡന്റ്' പ്രഖ്യാപിക്കുകയും ബ്രിട്ടീഷ് സർക്കാർ അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. അമേരിക്കൻ സൈന്യം ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന താവളങ്ങളിലൊന്നായതിനാൽ സംഭവത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചു. വിദേശരാജ്യത്തിന്റെ താൽപര്യപ്രകാരം ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികളെ ജാമ്യത്തിൽ വിട്ടതിൽ അത്ഭുതം പ്രകടിപ്പിക്കുകയും സംഭവത്തിന് പിന്നിൽ വിദേശ ഇടപെടൽ ഉണ്ടായിരിക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും 'വിദേശ ശക്തി'യുടെ പങ്ക് ആരോപിച്ചു. പിന്നീട് സംഭവം ഇറാനുമായി ബന്ധപ്പെട്ടതാകാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇറാനുമായി ബന്ധമുണ്ടെന്ന ആരോപണം ലണ്ടനിലെ ഇറാൻ എംബസി ശക്തമായി നിഷേധിച്ചു. സമീപത്തെ ഗ്രാമത്തിലെ 85 വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. വാഹനങ്ങളിൽ പെട്രോൾ കണ്ടെത്തിയതോടെ ഇന്ധനമോഷണം ഉൾപ്പെടെയുള്ള മറ്റ് സാധ്യതകളും അന്വേഷണത്തിൽ പരിഗണിക്കുന്നുണ്ട്. നിലവിൽ സഫോടകാക്രമണത്തിനുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിദേശ ഇടപെടൽ സംബന്ധിച്ച ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വാനുകളുടെ നീക്കങ്ങൾ, പെട്രോളിന്റെ ഉറവിടം, അറസ്റ്റിലായവരുടെ ലക്ഷ്യം, ഏതെങ്കിലും വിദേശരാജ്യവുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം തുടരുന്നത്.