മോഡിയുടെ പോഡ്കാസ്റ്റ് അഭിമുഖം: വീഡിയോ പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

മോഡിയുടെ പോഡ്കാസ്റ്റ് അഭിമുഖം: വീഡിയോ പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്


വാഷിംഗ്ടണ്‍: അമേരിക്കന്‍ പോഡ്കാസ്റ്ററും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ലെക്‌സ് ഫ്രിഡ്മാനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംഭാഷണം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീഡിയോ പങ്കുവച്ചത്.

താനും ട്രംപും തമ്മില്‍ സമാനതകളേറെയുണ്ടെന്ന് മോദി പോഡ്കാസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. തങ്ങളിരുവരും സ്വന്തം രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നു. ജോബൈഡന്റെ ഭരണകാലത്ത് പോലും തങ്ങളിരുവരും തമ്മിലുള്ള പരസ്പര വിശ്വാസം തുടര്‍ന്നിരുന്നുവെന്നും മോദി പറഞ്ഞു.

താന്‍ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ കാലത്ത് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി എന്ന പരിപാടിക്കിടെ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാതെ തന്റെ അഭ്യര്‍ഥന മാനിച്ച് പരിപാടി നടന്ന സ്‌റ്റേഡിയത്തിന് പുറത്ത് ഒരു പ്രാവശ്യം തന്റെയൊപ്പം ട്രംപ് നടന്നതായി മോഡി ഓര്‍മ്മിച്ചു. ഇത്തരം സംഭവങ്ങളാണ് ട്രംപില്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നും ഫ്രിഡ്മാന്റെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ധൈര്യവും തന്നോടുള്ള വിശ്വാസവും തന്നെ സ്പര്‍ശിച്ചിട്ടുണ്ടെന്നും മോഡി വ്യക്തമാക്കി.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ നേരെ വധശ്രമം ഉണ്ടായപ്പോഴും ട്രംപ് അതേ ധൈര്യം പ്രകടിപ്പിച്ചു. അമേരിക്ക എന്നും ഒന്നാമതായിരിക്കണമെന്നതാണ് ട്രംപിന്റെ മുദ്രാവാക്യം. അതുപോലെ തന്നെ തന്റെ ലക്ഷ്യം രാഷ്ട്രം ഒന്നാമത് അതായത് ഇന്ത്യ ഒന്നാമത് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതും തങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിന്താഗതിയാണെന്നും മോഡി അവകാശപ്പെട്ടു.

അമേരിക്കയെ എങ്ങനെ മുന്നോട്ടുനയിക്കാന്‍ എന്നതിനെ കുറിച്ച് ട്രംപിന് കൃത്യമായ പദ്ധതികളുണ്ടെന്ന് മോഡി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ രണ്ടാം വരവില്‍ അവ നടപ്പാക്കാന്‍ ശക്തമായ ഒരു സംഘവും അദ്ദേഹത്തോടൊപ്പമുണ്ടെന്ന് മോഡി വ്യക്തമാക്കി.

ആരാണ് ഫ്രിഡ്മാന്‍?

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് ഫ്രിഡ്മാന്‍. 2018ലാണ് അദ്ദേഹം തന്റെ പോഡ്കാസ്റ്റ് ആരംഭിച്ചത്. നേരത്തെ നിര്‍മ്മിത ബുദ്ധി പോഡ്കാസ്റ്റ് എന്നായിരുന്നു പേര്. 2020ല്‍ ലെക്‌സ് ഫ്രിഡ്മാന്‍ പോഡ്കാസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്തു. ഡൊണാള്‍ഡ് ട്രംപ്, വ്‌ലോഡിമര്‍ സെലന്‍സ്‌കി, സ്‌പെയ്‌സ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്, അമേരിക്കന്‍ വ്യവസായി ജെഫ് ബസോസ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗ് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ അതിഥികളായി എത്തിയിട്ടുണ്ട്.