മുതിര്‍ന്ന ഗ്രീന്‍ കാര്‍ഡ് ഉടമകളെ ലക്ഷ്യമിട്ട് യു എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

മുതിര്‍ന്ന ഗ്രീന്‍ കാര്‍ഡ് ഉടമകളെ ലക്ഷ്യമിട്ട് യു എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍


വാഷിംഗ്ടണ്‍: മുതിര്‍ന്ന ഗ്രീന്‍ കാര്‍ഡ് ഉടമകളോട് സ്വമേധയാ കാര്‍ഡ് ഉപേക്ഷിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പലരേയും വിമാനത്താവളങ്ങളില്‍ രാത്രി തടഞ്ഞുവെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ യു എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി ബി പി) ഉദ്യോഗസ്ഥര്‍ ശക്തമാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകളെ കടുത്ത പരിശോധനയ്ക്ക് വിധേയരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ താമസിച്ച് മക്കളോടൊപ്പം താമസിക്കാനായി മടങ്ങുന്ന പ്രായമായ ഇന്ത്യക്കാരെയാണ് പ്രത്യേകമായി ശ്രദ്ധിക്കുന്നത്. 

എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയോ ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കാന്‍ തയ്യാറാവുകയോ ചെയ്യരുതെന്നാണ് അഭിഭാഷകരില്‍ നല്‍കുന്ന പ്രധാന ഉപദേശം. കാരണം ഇമിഗ്രേഷന്‍ ജഡ്ജിയുടെ മുമ്പില്‍ വാദം കേള്‍ക്കാന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവകാശമുണ്ടെന്ന് അവര്‍ വിശദമാക്കുന്നു. 

ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് (ഐഎന്‍എ) പ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ യു എസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഒരു നിയമപരമായ സ്ഥിര താമസക്കാരന്‍ (എല്‍പിആര്‍) അഥവാ ഗ്രീന്‍ കാര്‍ഡ് ഉടമയെ 'വീണ്ടും പ്രവേശനം' തേടുന്നയാളായി കണക്കാക്കുകയും ചെയ്യുന്നു.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ (365 ദിവസം) യു എസിന് പുറത്തായിരിക്കുമ്പോഴാണ് ഗ്രീന്‍ കാര്‍ഡ് പദവി ഉപേക്ഷിക്കല്‍ പ്രശ്‌നം സാധാരണയായി ഉണ്ടാകുന്നത്. എന്നാല്‍ ശൈത്യകാലത്ത് ഇന്ത്യയില്‍ താമസിക്കുന്നതും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകുന്നു.

ഫ്‌ളോറിഡ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അഭിഭാഷകനായ അശ്വിന്‍ ശര്‍മ്മ പറയുന്നത് പ്രായമായ ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളെ, പ്രത്യേകിച്ച് യു എസിന് പുറത്ത് കുറച്ചുകാലം ചെലവഴിച്ച മുത്തശ്ശിമാരെ ലക്ഷ്യം വച്ചുള്ള കേസുകള്‍ താന്‍ അടുത്തിടെ കൈകാര്യം ചെയ്തിട്ടുണഅടെന്നും അവരുടെ നിയമപരമായ സ്ഥിര താമസ പദവി (ഗ്രീന്‍ കാര്‍ഡ്) 'സ്വമേധയാ' സമര്‍പ്പിക്കാന്‍ ഫോം 1-407 ല്‍ ഒപ്പിടാന്‍ അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നാണ്. അതിന് വഴങ്ങാത്തവര്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ തടങ്കലിലിടുമെന്നോ പുറത്താക്കുമെന്നോ ഉള്ള ഭീഷണികളാണ് മുഴക്കുന്നത്. 

സിയാറ്റില്‍ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അഭിഭാഷകയായ കൃപ ഉപാധ്യായ ഗ്രീന്‍ കാര്‍ഡ് കീഴടങ്ങാതിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സാധാരണയായി ഒരു വ്യക്തിയുടെ ഗ്രീന്‍ കാര്‍ഡ് വ്യക്തി 'സ്വമേധയാ' ഫോം 1-407 ഒപ്പിട്ട് കീഴടങ്ങുന്നില്ലെങ്കില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക്  പിന്‍വലിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. 

ഒരു ഗ്രീന്‍ കാര്‍ഡ് ഉടമ 365 ദിവസത്തില്‍ കൂടുതല്‍ യു എസിന് പുറത്ത് ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഒഴിവായതായി കണക്കാക്കും. എ്ന്നാല്‍ ഈ ആരോപണം നേരിടുമ്പോള്‍ പോലും ഗ്രീന്‍ കാര്‍ഡ് ഉടമയ്ക്ക് കോടതിയില്‍ ഇതിനെ വെല്ലുവിളിക്കാന്‍ അവകാശമുണഅടെന്നും എന്നാല്‍ അവര്‍ വിമാനത്താവളത്തില്‍ 'സ്വമേധയാ' കീഴടങ്ങുകയാണെങ്കില്‍ ഈ അവകാശം നഷ്ടപ്പെടുകയും ചെയ്യും. 

ഒരു ഇമിഗ്രേഷന്‍ ജഡ്ജിക്ക് മാത്രമേ ഗ്രീന്‍ കാര്‍ഡ് പിന്‍വലിക്കാന്‍ കഴിയുകയുള്ളുവെന്നും അതിനാല്‍ വ്യക്തികള്‍ ഈ ഫോമില്‍ ഒപ്പിടരുതെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഭയപ്പെടുന്നതിനാല്‍ ആളുകള്‍ക്ക് ഇത് മനസ്സിലാകുന്നില്ലെന്നും അവര്‍ പറയുന്നു. ചിലര്‍ ആശയക്കുഴപ്പത്തിലാവുകയോ ഭാഷാ പ്രയാസങ്ങള്‍ കാരണം എന്താണ് ഒപ്പിടുന്നതെന്ന് അവര്‍ മനസ്സിലാക്കാതെ പോവുകയും ചെയ്യുന്നു. ശൈത്യകാല മാസങ്ങള്‍ ഇന്ത്യയില്‍ ചെലവഴിക്കുന്ന പ്രായമായ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത് ഒരു പ്രത്യേക പ്രശ്‌നമാണ്. അവര്‍ക്ക് സ്ഥിര താമസ പദവി നിലനിര്‍ത്താന്‍ മതിയായ തെളിവുകള്‍ പലപ്പോഴും ഉണ്ടാവില്ലെന്നും എന്‍ പി ഇസെഡ് ലോ ഗ്രൂപ്പിലെ മാനേജിംഗ് അറ്റോണി സ്‌നേഹല്‍ ബത്ര പറഞ്ഞു. 

നിയമപരമായ സ്ഥിര താമസക്കാരനായതിനുശേഷം ഒരു വ്യക്തി ഇന്ത്യയില്‍ ധാരാളം സമയം ചെലവഴിച്ചതിനാല്‍ ദ്വിതീയ പരിശോധനയ്ക്ക് വിധേയനായ ഒരു കേസ് അവര്‍ പരാമര്‍ശിച്ചു. ആറ് മാസത്തില്‍ കൂടുതല്‍ (180 ദിവസം) അദ്ദേഹം യു എസിന് പുറത്ത് ചെലവഴിച്ചിട്ടില്ലെങ്കിലും ഗ്രീന്‍ കാര്‍ഡ് പദവി നിലനിര്‍ത്താന്‍ മാത്രമാണ് അദ്ദേഹം യു എസിലേക്ക് മടങ്ങിയതെന്ന് അദ്ദേഹത്തിന്റെ യാത്രാ ചരിത്രത്തില്‍ നിന്ന് വ്യക്തമായിരുന്നു.

ആ തവണ അദ്ദേഹത്തിന് രാജ്യത്ത് പ്രവേശനം ലഭിച്ചുവെങ്കിലും സ്ഥിരമായി യു എസില്‍ താമസിക്കുന്നില്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കാന്‍ സി ബി പി മുന്നറിയിപ്പ് നല്‍കിയതായി ബത്ര പറഞ്ഞു.

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ യു എസില്‍ താമസിക്കാതിരിക്കുകയും ഏതാനും മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കുകയും അത് മതിയെന്ന് കണക്കാക്കുകയും ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് ആര്‍ലിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അഭിഭാഷകനായ രാജീവ് എസ് ഖന്ന മുന്നറിയിപ്പ് നല്‍കി. ഗ്രീന്‍ കാര്‍ഡ് നിലനിര്‍ത്തുന്നതിന് യു എസില്‍ ഒരു സ്ഥിരം വീട് സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അതില്‍ കുറവുള്ള എന്തും കാര്‍ഡ് ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു വര്‍ഷത്തിലേറെയായി യു എസിന് പുറത്തുള്ള നിയമപരമായ സ്ഥിര താമസക്കാര്‍ക്ക് നീക്കം ചെയ്യല്‍ നടപടികളില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിക്കുമെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകയായ ജെസ്സി ബ്ലെസ് കൂട്ടിച്ചേര്‍ത്തു.