ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി.
പ്രയാഗ്രാജില്‍ അടുത്തിടെ സമാപിച്ച മഹാ കുംഭമേളയില്‍ ശേഖരിച്ച ഗംഗാ നദിയില്‍ നിന്നുള്ള ജലം അടങ്ങിയ പാത്രം മോഡി ഗബ്ബാര്‍ഡിന് സമ്മാനിച്ചു.
നിരോധിത ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) അമേരിക്കയില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ വാഷിംഗ്ടണിനോട് ആശങ്ക ഉന്നയിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗബ്ബാര്‍ഡും മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഗബ്ബാര്‍ഡും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഖാലിസ്ഥാന്‍ വിഷയം ചര്‍ച്ചയായത്. നിയമവിരുദ്ധമായ സംഘടനയ്ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ന്യൂഡല്‍ഹി യു എസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു.
താരിഫ് വിഷയത്തില്‍ ഇന്ത്യയും യു എസും തമ്മില്‍ നേരിട്ട് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഗബ്ബാര്‍ഡ് പറഞ്ഞു.
ബഹുരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടര ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് യു എസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യയില്‍ എത്തിയത്.
ന്യൂഡല്‍ഹിയില്‍ നടന്ന തിങ്ക് ടാങ്ക് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ വാര്‍ഷിക സമ്മേളനം റെയ്സിന ഡയലോഗില്‍ പങ്കെടുക്കുന്നതിനിടെ എ എന്‍ ഐയോട് സംസാരിക്കവേ ഗബ്ബാര്‍ഡ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്താനുള്ള അവസരത്തെ കുറിച്ചും പറഞ്ഞു.