പറ്റ്‌ന: ബിഹാറില്‍ അച്ഛനും മകനും ചേര്‍ന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി. അമ്മ പാര്‍വതി ദേവി, മകള്‍ പ്രതിമ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
അച്ഛന്‍ തെരഞ്ഞെടുത്ത വരനെ മകള്‍ വിവാഹം കഴിക്കാന്‍ തയ്യാറാവാതെ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ദുരഭിമാനക്കൊലയ്ക്കു കാരണമായത്. സംഭവത്തില്‍ പാര്‍വതിയുടെ ഭര്‍ത്താവ് രാം നാഥ് റാമിനെയും ഇളയ മകന്‍ ഛോട്ടു കുമാറിനെയും അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായും എസ് പി റൗഷന്‍ കുമാര്‍ അറിയിച്ചു.
ചുടിയ പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ പിയാരകലയിലാണ് സംഭവം. ജാര്‍ഖണ്ഡിലെ ഒരു യുവാവുമായി പ്രതിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് എതിരാണെന്നും ഇഷ്ടപ്പെട്ടയാളെ മാക്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നും പ്രതിമ വാശി പിടിച്ചു. അമ്മ പാര്‍വതിയും ഇതേ തീരുമാനത്തിനൊപ്പം നിന്നു. ഇതോടെ പ്രതികള്‍ ഇതില്‍ തീരുമാനത്തില്‍ അസ്വസ്ഥരായി കൊലപാതകം നടത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന പ്രതിമയെ കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പാര്‍വ്വതിയെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.
ഇവരുടെ മൃതദേഹങ്ങള്‍ പ്രദേശത്തെ പവര്‍ ഗ്രിഡ് സബ്സ്റ്റേഷനു സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്. വീടിന് പുറത്തെ മോട്ടോര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം മനസിലാക്കി.
കൂടാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ മുറിവുകള്‍ കണ്ടത്തിയത് കേസന്വേഷണത്തില്‍ വഴിത്തിരിവായി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി എസ് പി റൗഷന്‍ കുമാര്‍ അറിയിച്ചു.