മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണന്‍ 1975 മുതല്‍ സിനിമാ ഗാനരചനയില്‍ സജീവമാണ്.

അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ ഉള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. സംവിധായകന്‍ ഹരിഹരനു വേണ്ടിയാണ് മങ്കൊമ്പ് കൂടുതല്‍ ഗാനങ്ങള്‍ എഴുതിയത്. മങ്കൊമ്പിന്റെ കൂടുതല്‍ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയത് എം എസ് വിശ്വനാഥനാണ്. ഇരുന്നൂറിലേറെ സിനിമകള്‍ക്കായി എഴുന്നൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 

പത്ത് സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയ അദ്ദേഹം മലയാളത്തിലേക്ക് സിനിമകള്‍ മൊഴിമാറ്റം നടത്തുന്നതിലും സജീവമായിരുന്നു. ബാഹുബലി ഉള്‍പ്പെടെ നിരവധി അന്യഭാഷാ ചിത്രങ്ങളാണ് ഇത്തരത്തില്‍ മങ്കൊമ്പിന്റെ സഹകരണത്തോടെ മൊഴിമാറ്റം നടത്തിയത്.