വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച അവസാന മണിക്കൂറുകളില്‍ പ്രഖ്യാപിച്ച മാപ്പുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അസാധുവായി പ്രഖ്യാപിച്ചു. ഓട്ടോപെന്‍ ഉപയോഗിച്ച് ഒപ്പിട്ട മാപ്പുകള്‍ ബൈഡന്റെ നേരിട്ടുള്ള അംഗീകാരമോ അറിവോ ഇല്ലാതെയാണ് നടപ്പിലാക്കിയതെന്ന് ട്രംപ് വാദിച്ചു.
ട്രൂത്ത് സോഷ്യലില്‍ ജനുവരി 6ന് ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കിയ മാപ്പുകളുടെ നിയമസാധുതയെ ട്രംപ് ചോദ്യം ചെയ്തു.
'സ്ലീപ്പി' ജോ ബൈഡന്‍ അണ്‍സെലക്ട് കമ്മിറ്റി ഓഫ് പൊളിറ്റിക്കല്‍ തഗ്സിനും മറ്റ് പലര്‍ക്കും നല്‍കിയ 'മാപ്പ്' ഇതിനാല്‍ അസാധുവായതായി പ്രഖ്യാപിക്കപ്പെടുന്നു. കാരണം അവ ഓട്ടോപെന്‍ കൊണ്ടാണ് ഒപ്പുവെച്ചത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജോ ബൈഡന്‍ അവയില്‍ ഒപ്പിട്ടിട്ടില്ല, പക്ഷേ, അതിലും പ്രധാനമായി, അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു!' ട്രംപ് എഴുതി.
മാപ്പു നല്‍കലിനെക്കുറിച്ച് ബൈഡന് ശരിയായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രസിഡന്റെന്ന നിലയില്‍ അവസാന നിമിഷങ്ങളില്‍ ബൈഡന്‍ തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ക്ക് മാപ്പ് നല്‍കിയിരുന്നു. തന്റെ കുടുംബം രാഷ്ട്രീയ പ്രേരിത ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തീരുമാനത്തെ ന്യായീകരിച്ചത്. തന്നെ വേദനിപ്പിക്കാനുള്ള ആഗ്രഹത്താല്‍ മാത്രം പ്രേരിതമായി കുടുംബം നിരന്തരമായ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായിട്ടുണ്ടെന്നും ഏറ്റവും മോശം തരം പക്ഷപാതപരമായ രാഷ്ട്രീയമാണെന്നും വൈറ്റ് ഹൗസ് പ്രഖ്യാപനത്തില്‍ ബൈഡന്‍ പറഞ്ഞു.
കുടുംബത്തിന് പുറമേ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ മുന്‍ ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുന്‍ ചെയര്‍മാന്‍ വിരമിച്ച ജനറല്‍ മാര്‍ക്ക് മില്ലി തുടങ്ങിയ ഉന്നത വ്യക്തികള്‍ക്കും ബൈഡന്‍ മാപ്പ് നല്‍കി. ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും മാപ്പ് നല്‍കി.
ബൈഡന്‍ ഓഫീസ് വിടുന്നതിന് മുമ്പ് നല്‍കിയ മാപ്പുകള്‍ ട്രംപിന്റെ ഭരണത്തിന്‍ കീഴിലെ നിയമനടപടികളില്‍ നിന്ന് പ്രധാന വ്യക്തികളെ സംരക്ഷിക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെട്ടത്.
ബൈഡന്റെ നീക്കം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മാപ്പ് നല്‍കുന്നത് അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി സമ്മതിക്കുന്നതായി തെറ്റിദ്ധരിക്കരുതെന്നാണ് ബൈഡന്‍ പറഞ്ഞത്.
മാപ്പ് നല്‍കലുകള്‍ക്ക് പുറമേ അക്രമരഹിത മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഏകദേശം 2,500 വ്യക്തികളുടെ ശിക്ഷയും ബൈഡന്‍ ഇളവ് ചെയ്തിരുന്നു. യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ദയാഹര്‍ജിയായി വൈറ്റ് ഹൗസ് വിശേഷിപ്പിച്ച നീക്കമാണിത്.
തെറ്റുകള്‍ തിരുത്തുന്നതിനും ശിക്ഷാ അസമത്വങ്ങള്‍ തിരുത്തുന്നതിനും അര്‍ഹരായ വ്യക്തികള്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നല്‍കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.