കൊല്ലം: ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി പ്രതി തീവണ്ടിക്കു ചാടി മരിച്ചു. ഉളിയക്കോവില്‍ സ്വദേശിയും കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബി സി എ വിദ്യാര്‍ഥിയുമായ ഫെബിന്‍ ജോര്‍ജ് ഗോമസിനെയാണ് (22) കുത്തിക്കൊലപ്പെടുത്തിയത്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിന്‍ ജോലി ചെയ്തിരുന്നു.
ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. പര്‍ദ ധരിച്ച് കാറിലെത്തിയ തേജസ് രാജാണ് ഫെബിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ള കാറില്‍ എത്തിയ തേജസ് രാജ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഫെബിനെ കുത്തിയ ശേഷം കടപ്പാക്കട സ്വദേശിയായ തേജസ് രാജ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ തേജസ് രാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ ഒരു കാറും ചോരപുരണ്ട കത്തിയും പര്‍ദയും കണ്ടെത്തിയതോടെയാണ് അക്രമി തേജസ് രാജാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.