ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രിം കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി ഉത്തരവിനെതിരേ വിശ്വ ഗജ സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ചരിത്രപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ് ആനകളുടെ എഴുന്നള്ളിപ്പ്. ഹൈക്കോടതി ഇടപെടല്‍ കാണുമ്പോള്‍ ആന എഴുന്നെള്ളിപ്പ് പൂര്‍ണമായും തടയാനുള്ള നീക്കമായി തോന്നുന്നുവെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
ഉത്സവങ്ങളില്‍ ആന എഴുന്നെള്ളിപ്പ്, നാട്ടാന പരിപാലനം എന്നിവയില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ രണ്ട് ഹര്‍ജികളാണ് എത്തിയത്.
ഇതിനു പുറമേ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതി എടുത്ത എല്ലാ കേസുകളും സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ഫര്‍ ഹര്‍ജിയും നല്‍കി.
എന്നാല്‍, ഹൈക്കോടതിയുടെ പരിധിയിലുള്ള കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി ഇടപെടില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന വ്യക്തമാക്കി. പിന്നാലെ ഹര്‍ജി പിന്‍വലിക്കാനുള്ള അനുമതിയും കോടതി നല്‍കി. തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹര്‍ജി പിന്‍വലിച്ചു.