തപാൽവോട്ടിൽ നിയന്ത്രണം; ട്രംപ് ഭരണകൂടത്തിനെതിരെ ഇല്ലിനോയ്‌യടക്കം 25 സംസ്ഥാനങ്ങൾ കോടതിയിൽ

തപാൽവോട്ടിൽ നിയന്ത്രണം; ട്രംപ് ഭരണകൂടത്തിനെതിരെ ഇല്ലിനോയ്‌യടക്കം 25 സംസ്ഥാനങ്ങൾ കോടതിയിൽ


അമേരിക്കയിൽ തപാൽവോട്ട് സംവിധാനത്തെ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഇല്ലിനോയ്‌യടക്കം ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിലുള്ള 25 സംസ്ഥാനങ്ങൾ രംഗത്ത്. 

നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തപാൽവോട്ടർമാരുടെ പട്ടിക തയ്യാറാക്കാനും പട്ടികയിലുള്ളവർക്ക് മാത്രം തപാൽബാലറ്റുകൾ വിതരണം ചെയ്യാനും യു.എസ്. പോസ്റ്റൽ സർവീസിന് നിർദേശം നൽകിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർച്ചിലെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്. 

ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാനങ്ങൾക്ക് തങ്ങളുടെ തപാൽവോട്ട് സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് തടസ്സമാകുന്നതിലൂടെ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കുമെന്നും ഇലിനോയിസ് അറ്റോർണി ജനറൽ ക്വാമി റൗൾ ആരോപിച്ചു. 

ട്രംപിന്റെ നിർദേശങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള തപാൽബാലറ്റുകൾ വിതരണം ചെയ്യുന്നത് വിലക്കുന്ന പുതിയ ചട്ടങ്ങളും പോസ്റ്റൽ സർവീസ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. അതേസമയം, നവംബറിലെ തിരഞ്ഞെടുപ്പിൽ ട്രംപ് ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് യു.എസ്. പോസ്റ്റൽ സർവീസിനെ വിലക്കിയിരുന്ന ഉത്തരവ് പിൻവലിക്കാൻ ബോസ്റ്റണിലെ ഫെഡറൽ ജഡ്ജി ഇന്ദിര തൽവാനി അനുമതി നൽകി. 

സമാനമായ കേസിൽ ഏർപ്പെടുത്തിയ വിലക്ക് നേരത്തെയായിരുന്നുവെന്ന സുപ്രീം കോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷത്തിന്റെ നിലപാടിനെ തുടർന്നാണ് ഉത്തരവ് പിൻവലിക്കാൻ നിർബന്ധിതയായതെന്ന് ജഡ്ജി വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാകാൻ സാധ്യതയുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ‘അരാജകത്വം’ സൃഷ്ടിക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. 

പുതിയ ചട്ടങ്ങൾ നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾ യോഗ്യരായ വോട്ടർമാരുടെ പട്ടിക പോസ്റ്റൽ സർവീസിന് കൈമാറേണ്ട സാഹചര്യമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് ഷിക്കാഗോ നിയമവിദഗ്ധൻ സ്റ്റീവൻ ഷ്വിൻ പറഞ്ഞു. തപാൽവോട്ടിനുള്ള നിലവിലെ സംവിധാനങ്ങളിൽ മാറ്റമുണ്ടാകുമെന്ന ആശങ്കകൾക്കിടെ ലഭ്യമായ വോട്ടിങ് സൗകര്യങ്ങൾ തുടരുമെന്ന് കുക്ക് കൗണ്ടി ക്ലർക്ക് മോണിക്ക ഗോർഡൻ വ്യക്തമാക്കി. എന്നാൽ നിയമപോരാട്ടം തുടരുന്നത് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിനും അഭ്യൂഹങ്ങൾക്കും വഴിവെക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. 

തെറ്റായ വിവരങ്ങളും വ്യാജപ്രചാരണങ്ങളുമാണ് ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും തപാൽവോട്ട് സുരക്ഷിതവും സുതാര്യവും നീതിയുക്തവുമാണെന്നും ഗോർഡൻ പറഞ്ഞു. ഷിക്കാഗോയിൽ സെപ്റ്റംബർ 24 മുതൽ ആദ്യഘട്ട മുൻകൂർ വോട്ടെടുപ്പ് ആരംഭിക്കും. കുക്ക് കൗണ്ടിയിലെ പ്രാന്തപ്രദേശങ്ങളിൽ ഒക്ടോബർ 7 മുതൽ പരിമിതമായ മുൻകൂർ വോട്ടെടുപ്പും ഒക്ടോബർ 19 മുതൽ വിപുലമായ വോട്ടെടുപ്പും നടക്കും. നവംബർ 3നാണ് തിരഞ്ഞെടുപ്പ്.