വാഷിംഗ്ടണ്‍: യുക്രെയ്യുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും റഷ്യന്‍ എണ്ണ വാങ്ങുന്ന മറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ തീരുവ ചുമത്തുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തുമ്പോഴും യു എസും യൂറോപ്പും റഷ്യയുമായി നടത്തുന്നത് കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം.
ക്രെംലിന്‍ യുക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം റഷ്യയും യു എസും തമ്മിലുള്ള വ്യാപാരം ഏകദേശം 90 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം യു എസ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസിന്റേയും (ബി ഇ എ) സെന്‍സസ് ബ്യൂറോയുടെയും ഏറ്റവും പുതിയ ഡേറ്റ പ്രകാരം, യു എസ് ഇപ്പോഴും റഷ്യയില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
അതേസമയം, റഷ്യയ്ക്കെതിരായ ഉപരോധങ്ങളില്‍ അമേരിക്കക്കാരുടെ പങ്കാളിയായ യൂറോപ്യന്‍ യൂണിയന്‍ 2024-ല്‍ റഷ്യയില്‍ നിന്ന് 41.9 ബില്യണ്‍ ഡോളറിന്റെ (36 ബില്യണ്‍ യൂറോ) സാധനങ്ങള്‍ ഇറക്കുമതി ചെയ്തതായി ബ്ലോക്കിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ ഡേറ്റ കാണിക്കുന്നു.
യൂറോസ്റ്റാറ്റ് ഡേറ്റ പ്രകാരം 2022നും 2025നും ഇടയില്‍ റഷ്യയില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി 86 ശതമാനമാണ് കുറഞ്ഞത്.
കാനഡ പോലുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കാനും അവരില്‍ നിന്ന് നമുക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ നേടാനും യു എസിനും യൂറോപ്യന്‍ യൂണിയനും പോലും ധാരാളം അവസരങ്ങളുള്ളപ്പോഴഉം വ്യാപാര യുദ്ധങ്ങളും താരിഫുകളെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ഡി സി ആസ്ഥാനമായ തിങ്ക് ടാങ്കായ അറ്റ്‌ലാന്റിക് കൗണ്‍സിലിലെ ഇക്കണോമിക് സ്‌റ്റേറ്റ്ക്രാഫ്റ്റ് ഇനിഷ്യേറ്റീവിന്റെ ഡയറക്ടര്‍ കിംബര്‍ലി ഡൊനോവന്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ യു എസ് 927 മില്യണ്‍ ഡോളറിന്റെ വളം റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തതായി യു എസ് സെന്‍സസ് ബ്യൂറോ ഡേറ്റ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്നുള്ള വളം ഇറക്കുമതി ആകെ 1 ബില്യണ്‍ ഡോളറിലധികം ആയിരുന്നു. മൂന്ന് തരം രാസവളങ്ങളുടെ ഇറക്കുമതിക്ക് യു എസ് റഷ്യയെ ആശ്രയിക്കുന്നു.
2021 മുതല്‍ റഷ്യയില്‍ നിന്നുള്ള പല്ലേഡിയം ഇറക്കുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും 2024ല്‍ 878 മില്യണ്‍ ഡോളറിന്റെയും 2025ല്‍ 594 മില്യണ്‍ ഡോളറിന്റെയും ലോഹം യു എസ് ഇപ്പോഴും ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് ഡേറ്റ കാണിക്കുന്നു. വെള്ളി നിറത്തിലുള്ള ലോഹം വിവിധ ഇലക്ട്രോണിക്, വ്യാവസായിക ഉ്ത്പന്നങ്ങളില്‍ ഉപയോഗിക്കുന്നു. കൂടാതെ കാറുകളുടെ കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളില്‍ ഇത് ഒരു പ്രധാന ഘടകമാണ്.
ജൂണ്‍ വരെയുള്ള സെന്‍സസ് ഡേറ്റ പ്രകാരം ഈ വര്‍ഷം ഇതുവരെ റഷ്യയില്‍ നിന്ന് 755 മില്യണ്‍ ഡോളറിന്റെ യുറേനിയവും പ്ലൂട്ടോണിയവും യു എസ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 2024ല്‍ റഷ്യയില്‍ നിന്ന് 624 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ അവര്‍ ഇറക്കുമതി ചെയ്തു.
മോസ്‌കോയുടെ യുക്രെയ്നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് മുമ്പ് യൂറോപ്യന്‍ യൂണിയന് ഏറ്റവും വലിയ പെട്രോളിയം വിതരണക്കാരായിരുന്നു റഷ്യ. അതിനുശേഷം യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ എണ്ണ ഇറക്കുമതിക്കും ഡീസല്‍ പോലുള്ള ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇതിന്റെ ഫലമായി, 2025ലെ ആദ്യ പാദത്തില്‍ യൂറോപ്പിലേക്കുള്ള എണ്ണ ഇറക്കുമതി 1.72 ബില്യണ്‍ ഡോളറായി (1.48 ബില്യണ്‍ യൂറോ) കുറഞ്ഞു.
2025 ജൂലൈയില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ മുന്‍നിര യൂറോപ്യന്‍ ഇറക്കുമതിക്കാര്‍ ഹംഗറി, ഫ്രാന്‍സ്, സ്ലൊവാക്യ, ബെല്‍ജിയം, സ്‌പെയിന്‍ എന്നിവയാണെന്ന് അന്താരാഷ്ട്ര ഗവേഷണ സംഘടനയായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ നടത്തിയ വിശകലനത്തില്‍ പറയുന്നു. അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ഭൂരിഭാഗവും ഹംഗറിയും സ്ലൊവാക്യയുമാണ് ചെയ്തതെന്ന് വിശകലനം പറയുന്നു. മറ്റുള്ളവര്‍ പ്രധാനമായും ദ്രവീകൃത പ്രകൃതിവാതകമാണ് ഇറക്കുമതി ചെയ്യുന്നത്.
വില വര്‍ധനവിന്റെ ഫലമായി റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതിയുടെ മൂല്യം കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചു. 2025ന്റെ ആദ്യ പാദത്തില്‍ ഇത് 5.23 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്ന് യൂറോസ്റ്റാറ്റ് ഡാറ്റ കാണിക്കുന്നു. എന്നിരുന്നാലും, 2021 മുതല്‍ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയുടെ റഷ്യയുടെ വിപണി വിഹിതം യൂറോപ്യന്‍ യൂണിയന്‍ കുറച്ചിട്ടുണ്ട്. 2025ല്‍ 22 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറഞ്ഞു.
ഇരുമ്പിന്റെയും ഉരുക്കിന്റെയും ഇറക്കുമതിയില്‍ യൂറോപ്യന്‍ യൂണിയനിലെ റഷ്യയുടെ പങ്ക് കുത്തനെ കുറഞ്ഞു. 2025ലെ ആദ്യ പാദത്തില്‍ ഇരുമ്പ്, സ്റ്റീല്‍ ഇറക്കുമതി 850 മില്യണ്‍ ഡോളര്‍ ആയിരുന്നു. യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച് 2021ലെ അതേ പാദത്തില്‍ ഉണ്ടായിരുന്നതിന്റെ പകുതിയോളമാണിത്.
എന്നാല്‍ ഉപരോധങ്ങളും ഇറക്കുമതി തീരുവകളും വളം വ്യവസായത്തെ ബാധിച്ചിട്ടില്ല. തല്‍ഫലമായി 2021 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ വളത്തിന്റെ ഇറക്കുമതിയില്‍ വളരെ കുറച്ച് മാത്രമേ മാറ്റം വന്നിട്ടുള്ളൂ. 2025ലെ ആദ്യ പാദത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ 640 മില്യണ്‍ ഡോളര്‍ റഷ്യന്‍ വളം ഇറക്കുമതി ചെയ്തതായി ഡേറ്റ കാണിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ്, നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്കലിനെ കൂടുതല്‍ ആശ്രയിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി വൈവിധ്യവല്‍ക്കരിച്ചു. എന്നിരുന്നാലും 2025ലെ ആദ്യ പാദത്തില്‍ ഈ ബ്ലോക്ക് റഷ്യയില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്കല്‍ ഇറക്കുമതി ചെയ്തു. സ്റ്റെയിന്‍ലെസ് സ്റ്റീലും മറ്റ് അലോയ് സ്റ്റീലുകളും ബാറ്ററികളും നിര്‍മ്മിക്കുന്നതിനാണ് നിക്കല്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
ചരക്കുകളുടെ ഇറക്കുമതിക്കും കയറ്റുമതിക്കും പുറമേ, നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യയില്‍ വേരൂന്നിയിരിക്കുന്നു.
യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും കീവ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും സമാഹരിച്ച പട്ടിക പ്രകാരം മികച്ച 100 കമ്പനികള്‍ ഉള്‍പ്പെടെ ചില ശ്രദ്ധേയമായ അമേരിക്കന്‍ ആസ്ഥാനമായുള്ള ഹോള്‍ഡൗട്ടുകള്‍ റഷ്യയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നു.
ഉപഭോക്തൃ പ്രമുഖ ബ്രാന്‍ഡുകള്‍, റീട്ടെയിലര്‍മാര്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് യൂറോപ്യന്‍ ബിസിനസുകളും റഷ്യയില്‍ തന്നെ തുടര്‍ന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലും യൂറോപ്യന്‍ യൂണിയനിലും മോസ്‌കോയുമായുള്ള വ്യാപാരത്തില്‍ കുറവുണ്ടായതില്‍ നിന്ന് വ്യത്യസ്തമായി ഐക്യരാഷ്ട്രസഭ സമാഹരിച്ച ഡേറ്റ പ്രകാരം 2024ല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് 67 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു. അതില്‍ ഏകദേശം 53 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളത് പെട്രോളിയം എണ്ണകളും അസംസ്‌കൃത എണ്ണയുമായിരുന്നു.
പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് മുമ്പ് 2021ല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് 8.7 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു.
യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ റഷ്യന്‍ എണ്ണയും വാതക ഇറക്കുമതി കുതിച്ചുയര്‍ന്നു. ഊര്‍ജ്ജ ഡേറ്റാ സ്ഥാപനമായ വോര്‍ടെക്‌സയുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയുടെ 36 ശതമാനം റഷ്യന്‍ എണ്ണയാണ്. അതായത് മറ്റെവിടെ നിന്നേക്കാളും റഷ്യയില്‍ നിന്ന് അവര്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നു.
2022-ല്‍ മോസ്‌കോ യുക്രെയ്നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തെത്തുടര്‍ന്ന് ചൈനയും റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ വാങ്ങലുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ ഇന്ധനത്തിന്റെ ഇറക്കുമതി കുത്തനെ കുറച്ചതിനെത്തുടര്‍ന്ന് അതിന്റെ വില കുറഞ്ഞു. വോര്‍ടെക്സയുടെ കണക്കനുസരിച്ച് ചൈനയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 13.5 ശതമാനം ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്.
2024-ല്‍ ചൈന ഏകദേശം 130 ബില്യണ്‍ ഡോളറിന്റെ റഷ്യന്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു. ഇതില്‍ 62.6 ബില്യണ്‍ ഡോളറിന്റെ പെട്രോളിയം എണ്ണയും അസംസ്‌കൃത എണ്ണയും ഉള്‍പ്പെടുന്നുവെന്ന് യു എന്‍ സമാഹരിച്ച ഡേറ്റ കാണിക്കുന്നു.