പെന്റഗണില്‍ നാടകീയ അഴിച്ചുപണിയെന്ന് യു എസ് മാധ്യമങ്ങള്‍

പെന്റഗണില്‍ നാടകീയ അഴിച്ചുപണിയെന്ന് യു എസ് മാധ്യമങ്ങള്‍


വാഷിംഗ്ടണ്‍: യു എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പെന്റഗണില്‍ നാടകീയ അഴിച്ചുപണി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അമേരിക്കയുടെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി (ഡി ഐ എ) തലവനെ നീക്കം ചെയ്തു. ഇറാനെതിരായ യു എസ് ആക്രമണങ്ങള്‍ വിലയിരുത്തി ചോര്‍ന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഡി ഐ എയെ നയിച്ച ലെഫ്റ്റനന്റ് ജനറല്‍ ജെഫറി ക്രൂസിനെ പുറത്താക്കിയതായി പറയപ്പെടുന്നത്. മറ്റ് രണ്ട് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ക്രൂസിന്റെ പുറത്താക്കലിന് പെന്റഗണ്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ഇറാനെതിരായ സമീപകാല ആക്രമണങ്ങള്‍ അവരുടെ ആണവ പദ്ധതി ഏതാനും മാസങ്ങള്‍ വൈകിപ്പിച്ചുവെന്ന് അവകാശപ്പെട്ട ഡി ഐ എ വിലയിരുത്തലിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി എതിര്‍ത്തതിന്് തൊട്ടുപിന്നാലെയാണ് പുറത്താക്കല്‍ നടന്നത്. റിപ്പോര്‍ട്ടിനെ വൈറ്റ് ഹൗസ് തെറ്റെന്നാണ് വിലയിരുത്തിയത്. ആണവ കേന്ദ്രങ്ങള്‍ 'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന് ട്രംപ് വാദിക്കുകയും വിമര്‍ശനത്തെ 'ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം' എന്ന് പറയുകയും ചെയ്തു. ജൂണില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ ഹെഗ്സെത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ 'കുറഞ്ഞ ഇന്റലിജന്‍സ്' എന്ന് വിശേഷിപ്പിക്കുകയും എഫ്ബിഐ ചോര്‍ച്ച അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഹെഗ്സെത്ത് യു എസ് നാവിക റിസര്‍വ് മേധാവിയെയും നാവിക സ്പെഷ്യല്‍ വാര്‍ഫെയര്‍ കമാന്‍ഡിന്റെ കമാന്‍ഡറെയും നീക്കം ചെയ്തിട്ടുണ്ട്. ക്രൂസിന്റെ പിരിച്ചുവിടല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വാഷിംഗ്ടണ്‍ പോസ്റ്റ് ആണ്.

ലോകമെമ്പാടുമുള്ള യു എസ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി സൈനിക ഇന്റലിജന്‍സ് ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പെന്റഗണിന്റെ ഭാഗമായ ഡി ഐ എ ഉത്തരവാദിയാണ്. സി ഐ എ പോലുള്ള ഏജന്‍സികളില്‍ നിന്നും വ്യത്യസ്തമായ ഡി ഐ എ സാങ്കേതിക, യുദ്ധക്കളത്തിലെ ഇന്റലിജന്‍സില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ക്രൂസിനെ നീക്കം ചെയ്തത് ട്രംപിന് 'നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തേക്കാള്‍ വിശ്വസ്തതാ പരിശോധനയായി ഇന്റലിജന്‍സിനെ കണക്കാക്കുന്ന അപകടകരമായ ശീലം' ഉണ്ടെന്ന് തെളിയിക്കുന്നതായി യു എസ് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു. തന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ട്രംപ് മുമ്പ് ഉത്തരവിട്ടിട്ടുണ്ട്.

ജൂലൈയില്‍ തൊഴില്‍ ഡേറ്റ വളര്‍ച്ച മന്ദഗതിയിലാണെന്ന് കാണിച്ച ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷണര്‍ എറിക്ക മക്എന്റര്‍ഫറിനെ 'ഉടനടി' പിരിച്ചുവിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ ആദ്യം, അദ്ദേഹം ദേശീയ സുരക്ഷാ ഏജന്‍സിയുടെ തലവനായ ജനറല്‍ തിമോത്തി ഹോഗിനെയും ദേശീയ സുരക്ഷാ കൗണ്‍സിലിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയും നീക്കം ചെയ്തു.