വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള തന്റെ സമാധാന നിര്‍ദ്ദേശം എല്ലാ കക്ഷികളും വേഗത്തില്‍ അംഗീകരിച്ച് നീക്കം നടത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞു. ട്രംപിന്റെ 20-ഇന സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇസ്രായേലിന്റേയും ഹമാസിന്റേയും പ്രതിനിധികള്‍ ഈജിപ്തിലെ മധ്യസ്ഥരുടെ സഹായത്തോടെ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് വൈറ്റ് ഹൗസ് പ്രസ്താവന പുറത്തിറക്കിയത്.
ഗാസയില്‍ തടവിലാക്കപ്പെട്ട ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ വേഗത്തില്‍ മോചിപ്പിക്കുന്നത് പദ്ധതിയുടെ മറ്റ് വശങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നതായി പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ഗാസയില്‍ ശാശ്വതവും സുസ്ഥിരവുമായ സമാധാനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്നും ഗാസ ഇസ്രായേലിന്റെയോ അമേരിക്കയുടെയോ സുരക്ഷയ്ക്ക് ഇനി ഭീഷണിയല്ലാത്ത ഒരു സ്ഥലമാണെന്ന് ഉറപ്പാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈജിപ്തില്‍ സാങ്കേതിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ലീവിറ്റ് പരാമര്‍ശിച്ചു, അവിടെ യു എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും പങ്കെടുക്കുന്നുണ്ട്.
വെടിനിര്‍ത്തല്‍, ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റം എന്നിവ സംബന്ധിച്ച ട്രംപിന്റെ നിര്‍ദ്ദേശത്തോട് ഇസ്രായേലും ഹമാസും ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും കരാര്‍ വിശദാംശങ്ങളിലേക്കെത്തിക്കുന്നത് വെല്ലുവിളിയായി തുടരുന്നുണ്ട്.