കലിഫോര്‍ണിയ: കാട്ടുപന്നികളെ വേട്ടയാടി പിടിച്ച് അതിന്റെ മാംസം ഭക്ഷിക്കുന്നവര്‍ സൂക്ഷിക്കുക. ആശങ്കാജനകമായ വാര്‍ത്തയാണ് യുഎസ് സംസ്ഥാനമായ കലിഫോര്‍ണിയയില്‍ നിന്ന് വരുന്നത്. വേട്ടയാടി പിടിക്കുന്ന പന്നികളുടെ മാംസത്തില്‍ വലിയതോതില്‍ കാണപ്പെടുന്ന നീല നിറമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. മാംസമാകെ ബ്ലൂബെറിയുടേത് പോലെ പൂര്‍ണ്ണമായും നീല നിറത്തിലാണുള്ളത്. ആശങ്കാജനകമായ ഈ സാഹചര്യത്തെ തുടര്‍ന്ന് കാട്ടുപന്നികളുടെ മാംസം ഭക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് ഭരണകൂടം. തോല് പൊളിച്ചു നീക്കുമ്പോള്‍ നീല നിറത്തില്‍ അവയുടെ മാംസം കാണപ്പെടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്.
എലി, അണ്ണാന്‍ തുടങ്ങിയവയെ തുരത്താന്‍ ഉപയോഗിക്കുന്ന വിഷമാണ് കാട്ടുപന്നികളുടെ ഈ നിറം മാറ്റത്തിന് പിന്നിലെന്ന് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. എലിനാശിനിയായ ഡിഫാസിനോണില്‍ അടങ്ങിയിരിക്കുന്ന വിഷം ഉള്ളില്‍ ചെല്ലുന്നതോടെ അവയുടെ മാംസത്തിന്റെ നിറം മാറിമറിയുകയാണ്. കലിഫോര്‍ണിയയിലെ കര്‍ഷകര്‍ വ്യാപകമായി ഈ വിഷം വിളകളെ സംരക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. എലിവിഷമാണെന്ന് മനുഷ്യര്‍ക്ക് കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടി നിര്‍മാണ കമ്പനികള്‍ പ്രത്യേകമായി നീലനിറം നല്‍കിയിരിക്കുന്നതാണ്.
ഈ വിഷം നേരിട്ട് ഭക്ഷിക്കുന്നതിലൂടെയോ അല്ലെങ്കില്‍ വിഷബാധയേറ്റ ജീവികളുടെ മാംസത്തിലൂടെയോ കാട്ടുപന്നികളുടെ ഉള്ളില്‍ എത്തുന്നു. വിഷം കൂടുതലായി ബാധിക്കുന്നവ അധികം വൈകാതെ ചത്തു വീഴുന്നു. കാട്ടുപന്നികളെ വേട്ടയാടി പിടികൂടുന്നവര്‍ ഇത് നിസ്സാരമായി കാണരുത് എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. കാരണം ഈ മാംസം പാകം ചെയ്താലും വിഷാംശം നീക്കം ചെയ്യപ്പെടില്ല. വിഷമയമായ മാംസം ഉള്ളില്‍ ചെന്നാല്‍ മനുഷ്യര്‍ക്ക് മൂക്ക്, മോണ എന്നിവയില്‍ നിന്നും രക്തസ്രാവം മലത്തിലും മൂത്രത്തിലും രക്തം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യത ഏറെയാണ്. വയറുവേദന, നടുവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം എന്നിവയ്ക്കും വിഷബാധ കാരണമാകും.
നാഷനല്‍ ജോഗ്രഫിക്കില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഈ വിഷം ഉള്ളില്‍ ചെല്ലുന്നത് മരണത്തിനുപോലും കാരണമായേക്കാം. കാട്ടുപന്നികളുടെ കാര്യത്തില്‍ മാത്രമല്ല വേട്ടയാടി പിടികൂടുന്ന മാന്‍, കരടി തുടങ്ങിയ ജീവജാലങ്ങളുടെ മാംസത്തിലെ നിറവ്യത്യാസവും കണക്കിലെടുക്കണമെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫിലെ (സിഡിഎഫ്ഡബ്ല്യു) പെസ്റ്റിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍സ് കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു. പിടികൂടുന്ന ജീവികളുടെ നിറത്തില്‍ ഏതെങ്കിലും തരത്തില്‍ വ്യത്യാസം കണ്ടെത്തിയാല്‍ അധികൃതരെ അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മുന്‍കരുതല്‍ നടപടിയെന്നോണം കലിഫോര്‍ണിയയില്‍ ഡിഫാസിനോണിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ മോസ്‌കിറ്റോ വെക്ടര്‍ കണ്‍ട്രോള്‍, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം എന്നീ ആവശ്യങ്ങള്‍ക്ക് മാത്രമേ ഡിഫാസിനോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ
കാട്ടുപന്നികളുടെ മാംസത്തിന് നീല നിറം; എലിവിഷമാണെന്ന് വിദഗ്ദ്ധര്‍, മുന്നറിയിപ്പ് നല്‍കി കലിഫോര്‍ണിയ ഭരണകൂടം
