സ്‌പെയിനില്‍ മിന്നല്‍പ്രളയം; 95 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

സ്‌പെയിനില്‍ മിന്നല്‍പ്രളയം; 95 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി


വലന്‍സിയ: കിഴക്കന്‍ സ്‌പെയിനിലെ വലന്‍സിയയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95 മരണം. നിരവധി കെട്ടിടങ്ങള്‍ ഭാഗികമായി തകരുകയും വാഹനങ്ങള്‍ ഒഴുകിപോകുകയും ചെയ്തു. ചൊവ്വാഴ്ച പെയ്ത മഴയില്‍ മലാഗ മുതല്‍ വലന്‍സിയ വരെ വ്യാപിച്ചുകിടക്കുന്ന തെക്ക്കിഴക്കന്‍ സ്‌പെയിനിന്റെ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.

കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഇതേത്തുടര്‍ന്നുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും കാത്ത് പലരും രാത്രി കാറുകള്‍ക്ക് മുകളിലാണ് ചെലവഴിച്ചത്. നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി.

മലാഗക്ക് സമീപം 300 ഓളം പേരുമായി ഒരു അതിവേഗ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വലന്‍സിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു.

പ്രതികൂല കാലാവസ്ഥ കാരണം ഏതാനും ഫുട്ബാള്‍ മത്സരങ്ങളും മാറ്റിവെച്ചു. ഒന്നരലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. സ്‌പെയിനിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂനിറ്റുകളില്‍ നിന്ന് ആയിരത്തിലധികം സൈനികരെ പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.

സ്‌പെയിനിലെ സ്വയം ഭരണ പ്രദേശമായ കാസ്റ്റില്ല ലാ മഞ്ചയില്‍ ആറുപേരെ കാണാതായതായി മേയര്‍ സെര്‍ജിയോ മാരിന്‍ സാഞ്ചസ് പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ യൂറോപ്പ് സന്നദ്ധമാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോള പറഞ്ഞു. ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.