ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ യൂനുസ് ഭരണകൂടം നിരോധിച്ചു

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ യൂനുസ് ഭരണകൂടം നിരോധിച്ചു


ധാക്ക : പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് ബംഗ്ലാദേശ് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. അവാമി ലീഗിനെ നിരോധിക്കണം എന്ന പ്രക്ഷോഭകരുടെശക്തമായ ആവശ്യമാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍  നടപ്പില്‍ വരുത്തിയത്. ഭീകരവിരുദ്ധ നിയമപ്രകാരം അവാമി ലീഗിനെ നിരോധിച്ചതായി ശനിയാഴ്ച വൈകുന്നേരം സര്‍ക്കാര്‍ പ്രസ്താവനയി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്നും മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു. ഉപദേശകസമിതിയുടെ മന്ത്രിസഭയുടെ പ്രസ്താവനയാണിതെന്നും ഓഫീസ് അറിയിച്ചു

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ െ്രെകംസ് ട്രിബ്യൂണലില്‍ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം നിലനില്‍ക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

അവാമി ലീഗ് ഭരണകൂടത്തെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ജൂലായിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരുടേയും പരാതിക്കാരുടെയും സാക്ഷികളുടെയും സുരക്ഷയ്ക്കായാണ് ഈ തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു

യൂനുസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും അതിന്റെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും വിചാരണ ചെയ്യാന്‍ െ്രെടബ്യൂണലിന് അനുമതി നല്‍കിക്കൊണ്ടുള്ള ഐ.സി.ടി നിയമവും ഇതോടൊപ്പം ഭേദഗതി ചെയ്തു.

ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ അവാമി ലീഗിന്റെ അധ്യക്ഷ കൂടിയായ ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. കിഴക്കന്‍ പാകിസ്താന്‍ ജനതയ്ക്ക് സ്വയംഭരണാവകാശം നേടിയെടുക്കാന്‍ 1949ല്‍ രൂപീകൃതമായ സംഘടനയാണ് അവാമി ലീഗ്. 1971ലെ വിമോചനയുദ്ധത്തിന് നേതൃത്വം നല്‍കിയതും അവാമി ലീഗായിരുന്നു.