ധാക്ക: ഇന്ത്യയിലേക്ക് പുറപ്പെട്ട 54 ഇസ്‌കോണ്‍ സന്യാസിമാരെ ബംഗ്ലാദേശ് തടഞ്ഞു. യാത്രാ രേഖകള്‍ കൈവശം ഉണ്ടായിരുന്നെങ്കിലും അതിര്‍ത്തി കടക്കാന്‍ ബംഗ്ലാദേശ് ഭരണകൂടം സന്യാസിമാരെ അനുവദിച്ചില്ലെന്നാണ് വിവരം. സന്യാസിമാര്‍ നീണ്ട മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷമാണ് യാത്രാനുമതി ഇല്ലെന്ന് അറിയിച്ചത്.
ഇന്ത്യയില്‍ നടക്കുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ് യാത്ര പുറപ്പെട്ടതെന്നും എല്ലാവരുടേയും കൈവശം എല്ലാവിധ യാത്രാ രേഖകളും ഉണ്ടായിരുന്നതായും ഭരണകൂടം അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നുമാണ് ഇസ്‌കോണ്‍ സന്യാസിമാര്‍ പറഞ്ഞത്.
ഇസ്‌കോണിനെതിരേ ബംഗ്ലാദേശ് ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഇസ്‌കോണിന്റെ മുന്‍ നേതാവ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം ശക്തമായത് ഭരണകൂടത്തെ രോഷാകുലരാക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ഹിന്ദു സന്യാസികളെ കൂടി ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ചിന്മയ് കൃഷ്ണ ദാസ് ഉള്‍പ്പെടെ 17ഓളം ഹിന്ദു സന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടിയില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതോടെ ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ വിള്ളലുണ്ടായി.