ധാക്ക: രാജ്യത്ത് ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് സംസ്‌കാരത്തിലും സമൂഹത്തിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെന്ന് ബംഗ്ലാദേശ് ദിനപ്പത്രമായ ധാക്ക ട്രിബ്യൂണാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ ആക്ട് 2006 പ്രകാരം ഇന്ത്യന്‍ ടിവി ചാനലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എക്ലാസ് ഉദ്ദീന്‍ ഭൂയാനാണ് കോടതിയിലെത്തിയത്. സ്റ്റാര്‍ ജല്‍ഷ, സ്റ്റാര്‍ പ്ലസ്, സീ ബംഗ്ലാ, റിപ്പബ്ലിക് ബംഗ്ലാ തുടങ്ങിയ ചാനലുകളും മറ്റ് എല്ലാ ഇന്ത്യന്‍ ടിവി ചാനലുകളും നിരോധിക്കണം. യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെയാണ് ഈ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നതായി ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജസ്റ്റിസ് ഫാത്തിമ നജീബ്, ജസ്റ്റിസ് സിക്ദര്‍ മഹ്മുദൂര്‍ റാസി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് അപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സെക്രട്ടറിമാര്‍, ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ (ബിടിആര്‍സി) തുടങ്ങിയവരെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.
അതേസമയം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി മുന്‍ പുരോഹിതന്‍ ചിന്‍മോയ് കൃഷ്ണ ദാസിനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ 25 ന് ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിന്റെ ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക ഉയര്‍ത്തിയെന്നാരോപിച്ചായിരുന്നു ചിന്‍മോയ് കൃഷ്ണയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. നവംബര്‍ 27 ന് ചാത്തോഗ്രാം കോടതി ബില്‍ഡിങ് ഏരിയയില്‍ പൊലീസും ചിന്‍മോയ് അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു അഭിഭാഷകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.
ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ഇന്ത്യ പലതവണ ആശങ്കകള്‍ ഉന്നയിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ രാജ്യത്തെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണം നിരോധിക്കണം; ബംഗ്ലാദേശ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി