ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുര്‍ റഹ്മാന്റെ ജന്മദിനവും, ചരമവാര്‍ഷികവും ദേശീയദിനാചരണങ്ങളില്‍ നിന്ന് ഒഴിവാക്കി

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുര്‍ റഹ്മാന്റെ ജന്മദിനവും, ചരമവാര്‍ഷികവും ദേശീയദിനാചരണങ്ങളില്‍ നിന്ന് ഒഴിവാക്കി


ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന സ്വാതന്ത്ര്യ നായകനായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ഓര്‍മ്മകള്‍ ചരിത്രത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ ഇടക്കാല സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

മുജീബുര്‍ റഹ്മാന്റെ ജന്മദിനവും ചരമവാര്‍ഷികവും അദ്ദേഹത്തിന്റെ പ്രതീകാത്മക പ്രസംഗം നടത്തിയ ദിവസവും ഉള്‍പ്പെടെ എട്ട് ദേശീയ ആചരണങ്ങളാണ് ഇടക്കാല സര്‍ക്കാര്‍ റദ്ദാക്കിയത്.   

ബംഗ്ലാദേശ് ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ അംഗീകാരത്തിന് ശേഷം ബുധനാഴ്ച (ഒക്ടോബര്‍ 16) തീരുമാനം പ്രഖ്യാപിച്ചു.

''അഡ്വൈസറി കൗണ്‍സില്‍ അടുത്തിടെ ഒരു യോഗത്തിലാണ് എട്ട് ദിവസത്തെ റദ്ദാക്കാനുള്ള തീരുമാനം എടുത്തത്. ക്യാബിനറ്റ് ഡിവിഷന്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

റദ്ദാക്കിയ ആചരണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

 മാര്‍ച്ച് 7, ബംഗബന്ധുവിന്റെ(മുജിബുര്‍ റഹ്മാന്‍) ചരിത്രപരമായ പ്രസംഗത്തെ അനുസ്മരിക്കുന്നു
 മാര്‍ച്ച് 17, ബംഗബന്ധുവിന്റെ ജന്മദിനവും ദേശീയ ശിശുദിനവും
 ആഗസ്റ്റ് 5, ക്യാപ്റ്റന്‍ ഷെയ്ഖ് കമാലിന്റെ ജന്മദിനം
 ആഗസ്റ്റ് 8, ബംഗമാതാ ബീഗം ഫസിലതുന്നീസ മുജീബിന്റെ ജന്മദിനം
 ഓഗസ്റ്റ് 15, ബംഗബന്ധുവിന്റെ ചരമവാര്‍ഷികവും ദേശീയ വിലാപ ദിനവും
 ഒക്ടോബര്‍ 18, ഷെയ്ഖ് റസല്‍ ദിനം
 നവംബര്‍ 4, ദേശീയ ഭരണഘടനാ ദിനം
 ഡിസംബര്‍ 12, സ്മാര്‍ട്ട് ബംഗ്ലാദേശ് ദിനം

1975 ജനുവരിയില്‍ ഏകകക്ഷി സമ്പ്രദായം ഏര്‍പ്പെടുത്തുകയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നതിനുമുമ്പ് മുജിബുര്‍ റഹ്മാന്‍ ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.

ബംഗ്ലാദേശ് അതിന്റെ വേരുകള്‍ മറക്കുന്നോ?

ബംഗബന്ധു എന്ന് വിളിപ്പേരുള്ള റഹ്മാന്റെ പാരമ്പര്യം ഇല്ലാതാക്കാന്‍ ബംഗ്ലാദേശ് ശ്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ തലസ്ഥാന നഗരമായ ധാക്കയില്‍ റഹ്മാന്റെ പ്രതിമകളിലൊന്ന് തകര്‍ത്തിരുന്നു.

കഴിഞ്ഞ മാസം, ധാക്കയിലെ നാഷണല്‍ പ്രസ് ക്ലബ് അംഗങ്ങള്‍ പാകിസ്ഥാന്റെ സ്ഥാപക പിതാവായ മുഹമ്മദ് അലി ജിന്നയുടെ 76-ാം ചരമവാര്‍ഷികം അനുസ്മരിക്കുകയുണ്ടായി.

മുമ്പ് കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് 1971-ല്‍ ആണ് ഇസ്ലാമാബാദിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. ആ പോരാട്ടത്തില്‍ ഇന്ത്യയും ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാല്‍ പ്രസ് ക്ലബ്ബിലെ പ്രസംഗകര്‍ ജിന്നയെ പ്രസംസിക്കുക മാത്രമല്ല ഇന്ത്യയെ പരിഹസിക്കുകയും ചെയ്തു.

1947ല്‍ പാകിസ്ഥാന്റെ ഭാഗമായതിനാല്‍ കശ്മീരിന് സമാനമായ ഒരു വിധി ബംഗ്ലാദേശ് ഒഴിവാക്കിയതായി നാഗോറിക് പരിഷത്ത് കണ്‍വീനര്‍ മുഹമ്മദ് ശംസുദ്ദീന്‍ അവകാശപ്പെട്ടു.

1947-ല്‍ ബംഗ്ലാദേശ് പാകിസ്ഥാന്റെ ഭാഗമായിരുന്നില്ലെങ്കില്‍, ഇന്ന് കശ്മീരിന്റെ അതേ അവസ്ഥയില്‍ നമ്മള്‍(ബംഗ്ലാദേശ്) എത്തുമായിരുന്നു. ജിന്ന സൃഷ്ടിക്കാന്‍ സഹായിച്ച പാകിസ്ഥാന്‍ കാരണമാണ് ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടാനായത് എന്ന് ശംസുദ്ദീന്‍ പറഞ്ഞു.

ചൈനയുമായും പാക്കിസ്ഥാനുമായും ബന്ധം ഊട്ടിയുറപ്പിക്കാന്‍ ധാക്ക ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 'രാഷ്ട്രീയമായ കഴിവില്ലായ്മയും' 'കലഹവും' അവസാനിപ്പിച്ചത് ജിന്നയാണെന്ന് മറ്റൊരു അംഗമായ മുഹമ്മദ് ഷഖാവത്ത് അവകാശപ്പെട്ടു.

പാകിസ്ഥാന്റെ ഭാഗമായിരുന്നെങ്കിലും, പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥ ഏതാണ്ട് തകര്‍ന്നതിനാല്‍, കിഴക്കന്‍ പാകിസ്ഥാനോട് ചിറ്റമ്മ നയമാണ് പുലര്‍ത്തിയത്. ഇസ്ലാമാബാദില്‍ ഇരിക്കുന്ന ഭരണവര്‍ഗം മറ്റുഴികളിലേക്ക് ശ്രദ്ധതിരിച്ചപ്പോള്‍ ജനങ്ങള്‍ കഷ്ടപ്പെടുകയും ചെയ്തു.

ഇസ്ലാമാബാദിലെ അധികാരികള്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുസ്ലിംകളെ 'ബംഗാളികള്‍' ആയും അവരുടെ ഇസ്ലാമിന്റെ മതചര്യകളെ താഴ്ന്നതും അശുദ്ധരും' വിശ്വസനീയമല്ലാത്ത 'സഹമതവാദികളും' ആയുമാണ് വീക്ഷിച്ചതെന്നും നാഗോറിക് പരിഷത്ത് അഭിപ്രായപ്പെട്ടു.