ബ്രസീല്‍: ബോള്‍സൊനാരോ അധികാരത്തിലെത്തിയാല്‍ അമേരിക്കന്‍ പതാകയ്ക്കു കീഴിലാകും ഭരണമെന്ന് ലുലയുടെ ആരോപണം

ബ്രസീല്‍: ബോള്‍സൊനാരോ അധികാരത്തിലെത്തിയാല്‍ അമേരിക്കന്‍ പതാകയ്ക്കു കീഴിലാകും ഭരണമെന്ന് ലുലയുടെ ആരോപണം


സാവോ പോളോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ രാജ്യത്തിന്റെ ദേശീയ സ്വത്വവും പരമാധികാരവും പ്രധാന ചര്‍ച്ചാ വിഷയങ്ങളായി. വലതുപക്ഷ എതിരാളിയായ ഫ്‌ളാവിയോ ബോള്‍സൊനാരോ അധികാരത്തിലെത്തിയാല്‍ ബ്രസീലിനേക്കാള്‍ അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ആരോപിച്ചു.

ഒക്ടോബര്‍ 25 ഞായറാഴ്ച സാവോ പോളോയില്‍ വോട്ട് രേഖപ്പെടുത്തിയശേഷമാണ് ലുല എതിരാളിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. തെരഞ്ഞെടുപ്പ് ബ്രസീലിയന്‍ പതാകയ്ക്കും അമേരിക്കന്‍ പതാകയ്ക്കും ഇടയിലുള്ള തെരഞ്ഞെടുപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അമേരിക്കന്‍ പതാകയ്ക്കു കീഴില്‍ ഭരിക്കാനാണ് വലതുപക്ഷം ആഗ്രഹിക്കുന്നത്- ലുല പറഞ്ഞു.

80 വയസ്സുകാരനായ ലുല നാലാം തവണയും തുടര്‍ച്ചയല്ലാത്ത കാലയളവിലേക്കായി, പ്രസിഡന്റ് പദവിയിലെത്താനാണ് മത്സരിക്കുന്നത്. മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയുടെ 45 വയസ്സുകാരനായ മകന്‍ ഫ്‌ളാവിയോയാണ് അദ്ദേഹത്തിന്റെ എതിരാളി.

അവസാനഘട്ട അഭിപ്രായ സര്‍വേകള്‍ ഇരുവരും തമ്മില്‍ കടുത്ത മത്സരമാണ് പ്രവചിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ലുലയേക്കാള്‍ മുന്നിലെത്തിയ ഫ്‌ളാവിയോയുടെ നിലപാട് രണ്ടാംഘട്ടത്തിലെ ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ധിപ്പിച്ചു.

ലുലയുടെ മൂന്നാം ഭരണകാലത്തെ നേട്ടങ്ങളും വീഴ്ചകളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറഞ്ഞതും സര്‍ക്കാര്‍ ക്ഷേമപദ്ധതികളിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പട്ടിണിയില്‍നിന്ന് കരകയറാന്‍ കഴിഞ്ഞതും ലുലയുടെ അനുകൂലികള്‍ ഉയര്‍ത്തിക്കാട്ടുന്നു.

എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയെച്ചൊല്ലിയുള്ള ജനങ്ങളുടെ അതൃപ്തിയും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആശങ്കകളും പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

റിയോ ഡി ജനീറോയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഫ്‌ളാവിയോ മാറ്റത്തിനായി ആഹ്വാനം ചെയ്തു.

യഥാര്‍ഥ മാറ്റത്തിനുള്ള സമയമാണിതെന്നും ഇനിയും നാലുവര്‍ഷം ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ ബ്രസീലിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുമെന്നും ഫ്‌ളാവിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. മതവിശ്വാസികളായ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. ബ്രസീലിനെ 'കര്‍ത്താവായ യേശുക്രിസ്തുവിന് സമര്‍പ്പിക്കാനാണ്' താന്‍ ആഗ്രഹിക്കുന്നതെന്നും ഫ്‌ളാവിയോ പറഞ്ഞിരുന്നു.

അതേസമയം, ബോള്‍സൊനാരോ കുടുംബം വീണ്ടും അധികാരത്തിലെത്തുന്നതിനെതിരെ ലുലയുടെ അനുയായികള്‍ രംഗത്തുണ്ട്. ജെയ്ര്‍ ബോള്‍സൊനാരോയുടെ ഭരണകാലത്തെ കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി, പൊതുക്ഷേമ പദ്ധതികളിലെ വെട്ടിക്കുറയ്ക്കലുകള്‍, ആമസോണ്‍ മഴക്കാടുകള്‍ക്കുണ്ടായ നാശം എന്നിവയെക്കുറിച്ചുള്ള ഓര്‍മകള്‍ വീണ്ടും സജീവമാക്കിയാണ് അവര്‍ പ്രചാരണം നടത്തുന്നത്.

തെരഞ്ഞെടുപ്പ് ഫലം എന്തായാലും ബ്രസീലില്‍ രാഷ്ട്രീയ സംഘര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ലുല വീണ്ടും അധികാരത്തിലെത്തിയാല്‍ വലതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിച്ച കോണ്‍ഗ്രസിനെ നേരിടേണ്ടിവരും. ഇത് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഫ്‌ളാവിയോ വിജയിച്ചാല്‍ സുപ്രിം കോടതിയുമായി ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അട്ടിമറി നീക്കത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജെയ്ര്‍ ബോള്‍സൊനാരോയുടെ ശിക്ഷയ്ക്ക് വഴിവെച്ച നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറെയ്സിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുമെന്ന് ഫ്‌ളാവിയോ പ്രഖ്യാപിച്ചിട്ടുണ്ട്. പിതാവിനെ മോചിപ്പിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.