കാരക്കാസ്: വെനസ്വേലന്‍ പ്രതിപക്ഷ നേതാവും നൊബേല്‍ സമാധാന പുരസ്‌കാര ജേതാവുമായ മരിയ കൊറീന മച്ചാഡോ പത്തുമാസത്തിലേറെ നീണ്ട പ്രവാസത്തിനുശേഷം സ്വന്തം രാജ്യത്ത് തിരിച്ചെത്തി. 'ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്കൊപ്പം,' ഞായറാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ മച്ചാഡോ അറിയിച്ചു.
മച്ചാഡോയുടെ അടുത്ത അനുയായിയും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയും മടക്കവാര്‍ത്ത സ്ഥിരീകരിച്ചു. 'നമ്മുടെ നേതാവും പ്രിയപ്പെട്ടവളുമായ മരിയ കൊറീന വെനസ്വേലന്‍ മണ്ണില്‍ തിരിച്ചെത്തിയെന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു,' അദ്ദേഹം കുറിച്ചു.
നാട്ടിലേക്ക് മടങ്ങിവരുമെന്ന് പലതവണ പ്രഖ്യാപിച്ചിരുന്ന മച്ചാഡോ, തെരഞ്ഞെടുപ്പ് നടന്നാല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും നേരത്തേ നല്‍കിയിരുന്നു.
സ്വന്തം രാജ്യത്ത് ജനാധിപത്യാവകാശങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മച്ചാഡോയ്ക്ക് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഡിസംബറില്‍ നോര്‍വേയിലേക്ക് പോയ അവര്‍ പിന്നീട് വെനസ്വേലയില്‍ തിരിച്ചെത്തിയിരുന്നില്ല.
അതിനു പിന്നാലെ, ഒരു മാസത്തിനുശേഷം, അമേരിക്കന്‍ സൈന്യം നടത്തിയ അതിവേഗ നീക്കത്തില്‍ മച്ചാഡോയുടെ രാഷ്ട്രീയ എതിരാളിയും വെനസ്വേലന്‍ പ്രസിഡന്റുമായ നിക്കോളാസ് മഡുറോയെ പിടികൂടി. തുടര്‍ന്ന് മഡുറോയുടെ ഉപപ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസിനെ നേതൃസ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പിന്തുണച്ചു. പിന്നീട് റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അമേരിക്കയുമായി റോഡ്രിഗസ് പിന്നീട് എണ്ണക്കരാറിലും ഒപ്പുവച്ചു.
വെനസ്വേലയെ ജനാധിപത്യത്തിലേക്ക് നയിക്കുന്നതിനും രാഷ്ട്രീയ അനുരഞ്ജനം ഉറപ്പാക്കുന്നതിനുമായി ഇടക്കാല ഭരണകൂടവുമായി അമേരിക്ക സഹകരിച്ചുവരികയാണ്. എന്നാല്‍ ഈ നീക്കങ്ങളില്‍ മച്ചാഡോയെയും അവരുടെ അടുത്ത രാഷ്ട്രീയ സഖാവായ ഉറുട്ടിയയെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മച്ചാഡോയുടെ അടുത്ത വൃത്തത്തിലെ പ്രധാന നേതാവായ ഒമര്‍ ഗോണ്‍സാലസ്, മൂന്നുവര്‍ഷത്തോളം നീണ്ട പ്രവാസത്തിനുശേഷം ഓഗസ്റ്റ് അവസാനത്തോടെ വെനസ്വേലയില്‍ തിരിച്ചെത്തിയിരുന്നു. മച്ചാഡോയുടെ മടക്കത്തിന് മുന്നോടിയായുള്ള നടപടിയായാണ് തന്റെ തിരിച്ചുവരവിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഏഴുതവണ വെനസ്വേലയിലേക്ക് മടങ്ങാന്‍ മച്ചാഡോ ശ്രമിച്ചെങ്കിലും ഓരോ തവണയും പരാജയപ്പെട്ടതായി അവരുടെ ഉപദേശകര്‍ പറഞ്ഞു.
മച്ചാഡോയെ 'വളരെ നല്ലൊരു വനിത'യെന്ന് വിശേഷിപ്പിച്ച ട്രംപ്, എന്നാല്‍ വെനസ്വേലയുടെ നേതാവാകാന്‍ ആവശ്യമായ ജനപിന്തുണയും അംഗീകാരവും അവര്‍ക്ക് രാജ്യത്തിനുള്ളില്‍ ഇല്ലെന്ന് അവകാശപ്പെട്ടിരുന്നു.
അതേസമയം, രാഷ്ട്രീയ തടവുകാരില്‍ നൂറുകണക്കിന് പേരെ മോചിപ്പിക്കുക, അമേരിക്കന്‍ കമ്പനികള്‍ക്ക് വെനസ്വേലയില്‍ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കുക തുടങ്ങിയ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങളോട് റോഡ്രിഗസ് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വെനസ്വേലയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നും രാജ്യത്തെ പൂര്‍ണ ജനാധിപത്യത്തിലേക്ക് നയിക്കുമെന്നും റോഡ്രിഗസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
