ലണ്ടന്‍: ഇസ്രയേല്‍ ഉപരോധം മൂലം കുഞ്ഞുങ്ങള്‍ വിശന്നുമരിക്കുന്ന ഗാസ സന്ദര്‍ശിക്കാന്‍ ലിയോ മാര്‍പാപ്പയോട് അപേക്ഷിച്ച് പോപ് ഗായിക മഡോണ. മകന്‍ റോക്കോയുടെ 25-ാം പിറന്നാളിനു സമൂഹമാധ്യമത്തില്‍ കുറിച്ച പോസ്റ്റിലൂടെയാണ് മഡോണയുടെ അപേക്ഷ. 'പരിശുദ്ധ പിതാവേ, വല്ലാതെ വൈകും മുന്‍പേ, അങ്ങ് ഗാസയിലേക്കു പോകൂ, അങ്ങയുടെ വെളിച്ചം കുട്ടികള്‍ക്കു പകരൂ. അമ്മയെന്ന നിലയില്‍, എനിക്ക് അവരുടെ ദുരിതം കണ്ടുനില്‍ക്കാനാവുന്നില്ല.'-മഡോണ എഴുതി.
കുട്ടികള്‍ മുഴുവന്‍ ലോകത്തിന്റേതുമാണ്. നിരപരാധികളായ അവരെ രക്ഷിക്കാനായി മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ ഗാസയിലേക്ക് എത്തേണ്ടതുണ്ട്. ഗാസയില്‍ അങ്ങയുടെ സന്ദര്‍ശനം ആര്‍ക്കും തടയാനാവില്ല.' രാഷ്ട്രീയംകൊണ്ടുമാത്രം ഗാസയുടെ പ്രതിസന്ധി തീര്‍ക്കാനാവില്ല. അതിനാലാണ് ആധ്യാത്മിക നേതാവിന്റെ സഹായം താന്‍ തേടുന്നതെന്നും മഡോണ പറഞ്ഞു.
അതിനിടയില്‍ ഇസ്രയേല്‍ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും ഗാസയില്‍ 89 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളില്‍ 31 പേരാണു കൊല്ലപ്പെട്ടത്. 513 പേര്‍ക്കു പരുക്കേറ്റു. 2 കുട്ടികളടക്കം 5 പേര്‍ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ പട്ടിണിമരണം 227 ആയി. ഗാസ സിറ്റിയിലെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ കനത്ത ബോംബിങ്ങാണു നടന്നത്.
സങ്കല്‍പിക്കാനാവാത്തത്ര ദുരിതത്തിലാണ് ഗാസയിലെ ജനങ്ങളെന്നും പട്ടിണിമരണം തടയാനായി അടിയന്തര സഹായവിതരണം അനുവദിക്കണമെന്നും ഇസ്രയേലിനോട് ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ അടക്കം 27 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതിനിടെ, യുഎസ് മുന്നോട്ടുവച്ച 60 ദിവസ വെടിനിര്‍ത്തല്‍ ചര്‍ച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിലെത്തി. കഴിഞ്ഞമാസം ദോഹയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
'കുഞ്ഞുങ്ങള്‍ വിശന്നുമരിക്കുന്ന ഗാസയിലേക്കൂ പോകൂ'-മാര്‍പാപ്പയോട് അപേക്ഷിച്ച് പോപ് ഗായിക മഡോണ
