കോണ്‍സുലേറ്റ് ആക്രമണം; ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം കടുപ്പിക്കില്ല

കോണ്‍സുലേറ്റ് ആക്രമണം; ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം കടുപ്പിക്കില്ല


ടെഹ്‌റാന്‍: ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിനെതിരെയുള്ള പ്രതികരണം തിടുക്കത്തിലുണ്ടാവില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഗാസ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ടെഹ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സമയത്താണ് ഇറാന്റെ പുതിയ നിലപാട്. 

റിപ്പോര്‍ട്ട് അനുസരിച്ച് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ ഗള്‍ഫ് രാജ്യമായ ഒമാന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഇറാന്റെ സന്ദേശം വാഷിംഗ്ടണിനെ അറിയിച്ചത്. ടെഹ്റാനും വാഷിംഗ്ടണിനുമിടയില്‍ പൊതുവെ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഒമാന്‍. 

എംബസിക്ക് നേരെയുള്ള ആക്രമണത്തിനുള്ള പ്രതികാരം ഉയര്‍ന്ന തലത്തിലായിരിക്കില്ലെന്നും നിയന്ത്രിതമായിരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയതായി ഒരു യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഏപ്രില്‍ 10നാണ് ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇസ്രായേല്‍ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞത്. 

അതിനിടെ, എംബസിക്ക് നേരെയുള്ള ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക ഇറാനോട് വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു.

ഗാസ യുദ്ധത്തിന് പുറമെ മറ്റ് സാഹചര്യങ്ങള്‍ക്കും രാജ്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തങ്ങളെ ഉപദ്രവിക്കുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും ഇസ്രായേല്‍ രാജ്യത്തിന്റെ എല്ലാ സുരക്ഷാ ആവശ്യങ്ങളും പ്രതിരോധമായും ആക്രമണമായും നിറവേറ്റാന്‍ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.

എന്നാല്‍ ഇസ്രായേല്‍ 'വിവിധ സാഹചര്യങ്ങള്‍ക്കായി അതീവ ജാഗ്രതയിലാണെന്നും സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയാണെന്നുമാണ് ഐ ഡി എഫ് വക്താവ് റിയര്‍ അഡ്എം ഡാനിയേല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഐ ഡി എഫിന്റെ വിവിധ കഴിവുകള്‍ ഉപയോഗിച്ച് ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറാണെന്നും തങ്ങളുടെ തന്ത്രപരമായ പങ്കാളികളുമായും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുമായി മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 11ന് രാവിലെ ഇസ്രയേലിലെത്തിയ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) മേധാവി ജനറല്‍ മൈക്കല്‍ കുറില്ലോയെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

വര്‍ധിച്ചു വരുന്ന പിരിമുറുക്കങ്ങളില്‍ സംയമനം പാലിക്കണമെന്ന് ബ്രിട്ടന്‍, ജര്‍മ്മനി, റഷ്യ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.