ടെഹ്രാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ-ഉപരോധ ഇളവ് കരാറിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായതായി റിപ്പോർട്ട്. ഭരണകൂടം രാജ്യത്തിന്റെ വിപ്ലവ ആശയങ്ങളിൽ നിന്ന് വിട്ടുവീഴ്ച ചെയ്യുകയാണെന്ന് ആരോപിച്ച് തീവ്രനിലപാടുകാരായ വിഭാഗങ്ങൾ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെയും വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയെയും ശക്തമായി വിമർശിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
മുൻ പരമോന്നത നേതാവ് അലി ഖമനെയിയുടെ സംസ്‌കാരച്ചടങ്ങിനിടെയായിരുന്നു പ്രതിഷേധം പരസ്യമായത്. വിലാപയാത്രയിൽ പങ്കെടുത്ത പ്രസിഡന്റ് പെസെഷ്‌കിയാനെതിരെ ഒരു വിഭാഗം ആളുകൾ 'വിട്ടുവീഴ്ച ചെയ്യുന്നവർക്ക് മരണം' എന്ന മുദ്രാവാക്യം വിളിച്ചു. അമേരിക്കയുമായുള്ള ചർച്ചകളിൽ പ്രധാന പങ്കുവഹിച്ച വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിക്കെതിരെയും പ്രതിഷേധമുയർന്നു. ചിലർ കല്ലെറിഞ്ഞതിനെ തുടർന്ന് അദ്ദേഹം ചടങ്ങിൽ നിന്ന് മടങ്ങിയതായും റിപ്പോർട്ടുണ്ട്.
അമേരിക്കയുമായുള്ള കരാറിലൂടെ ഭരണകൂടം ഇറാന്റെ അടിസ്ഥാന നയങ്ങളെ ദുർബലമാക്കിയെന്നാണ് തീവ്രനിലപാടുകാരുടെ ആരോപണം. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമനേയിയുടെ മരണത്തിന് പ്രതികാരം ചെയ്യുന്നതിന് പകരം അമേരിക്കയുമായി ധാരണയിലെത്തിയത് രാജ്യത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണെന്നാണ് അവരുടെ നിലപാട്.
അതേസമയം, പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതും ചർച്ചയാകുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ആരോഗ്യപ്രശ്‌നങ്ങളാണ് കാരണമെന്ന് ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
മൊജ്തബ ഖമനേയിയുടെ അഭാവത്തിൽ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, പ്രസിഡന്റ് പെസെഷ്‌കിയാൻ, വിദേശകാര്യമന്ത്രി അറാഘ്ചി എന്നിവരാണ് ഭരണനടപടികളിൽ കൂടുതൽ സജീവമായി രംഗത്തുള്ളത്. ഇവർ അധികാരം കേന്ദ്രീകരിക്കുകയാണെന്നും പരമോന്നത നേതാവിന്റെ നിർദേശങ്ങൾ അവഗണിക്കുകയാണെന്നും തീവ്രവാദ വിഭാഗങ്ങൾ ആരോപിക്കുന്നു.
ഇതിനിടെ, അമേരിക്കയ്‌ക്കെതിരായ സൈനിക നടപടി പുനരാരംഭിക്കണമെന്നും വെടിനിർത്തൽ കരാർ ഉപേക്ഷിക്കണമെന്നുമുള്ള ആവശ്യവും തീവ്രനിലപാടുകാർ ശക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ വിപ്ലവ ഗാർഡുകൾ നടത്തിയ ആക്രമണത്തിനും തുടർന്ന് അമേരിക്ക നടത്തിയ തിരിച്ചടിക്കും പിന്നാലെ ഈ ആവശ്യങ്ങൾ കൂടുതൽ ശക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുമായുള്ള കരാറിനെ എതിർത്തിരുന്ന യാഥാസ്ഥിതിക എംപി മഹ്മൂദ് നബവിയാനെ ദേശീയ സുരക്ഷാ കമ്മിഷനിൽ നിന്ന് നീക്കിയതും ആഭ്യന്തര രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രനിലപാടുകാരുടെ സ്വാധീനം കുറയ്ക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
എന്നിരുന്നാലും, അമേരിക്കൻ ഉപരോധങ്ങളിൽ നിന്ന് ഇളവ് നേടുക, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നിലനിർത്തുക തുടങ്ങിയ പ്രധാന ദേശീയ വിഷയങ്ങളിൽ ഇറാനിലെ ഭരണനേതൃത്വത്തിന് പൊതുവായ നിലപാടാണുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കൂടുതൽ ശക്തമായ സൈനിക നടപടി വേണമെന്ന ആവശ്യം തീവ്രനിലപാടുകാരിൽ നിന്ന് തുടരുകയാണ്.
അമേരിക്കയുമായുള്ള ധാരണയിൽ ഇറാൻ ഭരണകൂടത്തിൽ ഭിന്നത രൂക്ഷം; പ്രസിഡന്റിനും വിദേശകാര്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനം
