പൈലറ്റുമാര്‍ തമ്മില്‍ തര്‍ക്കം; ദുബായ്- തെല്‍ അവീവ് ഫ്‌ളൈദുബായ് വിമാനത്തിന് സൗദിയില്‍ അടിയന്തര ലാന്റിംഗ്

പൈലറ്റുമാര്‍ തമ്മില്‍ തര്‍ക്കം; ദുബായ്- തെല്‍ അവീവ് ഫ്‌ളൈദുബായ് വിമാനത്തിന് സൗദിയില്‍ അടിയന്തര ലാന്റിംഗ്


ദുബൈ: ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായിയുടെ ബോയിങ് 737 മാക്‌സ് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തര ലാന്റിംഗ് നടത്തി. വടക്കന്‍ സൗദി അറേബ്യയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനത്തില്‍ അടിയന്തര സാഹചര്യം റിപ്പോര്‍ട്ട് ചെയ്യുകയും തബൂക്കിലേക്ക് തിരിക്കുകയും സുരക്ഷിതമായി ലാന്‍ഡിംഗ് നിര്‍വഹിക്കുകയും ചെയ്തത്. 

ഫ്‌ളൈദുബായ് എഫ് ഇസെഡ് 1073 ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വടക്കന്‍ സൗദിക്ക് മുകളില്‍ പാത മാറ്റിയതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. തെല്‍ അവീവിലേക്കുള്ള ദിശയില്‍നിന്ന് വിമാനം തിരിഞ്ഞ് പിന്നീട് തബൂക്കിലേക്ക് പോവുകയായിരുന്നു. 

വിമാനത്തില്‍ 180 യാത്രക്കാരാണുണ്ടായുരന്നത്. വിമാന റാഞ്ചല്‍ സംശയത്തെ തുടര്‍ന്നാണ് ഫ്‌ളൈ ദുബൈ അടിയന്തര ലാന്റിംഗ് നടത്തിയതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതെങ്കിലും റാഞ്ചല്‍ നടന്നിട്ടില്ലെന്ന് ഇസ്രയേല്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചതായി ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

സാഹചര്യം വിലയിരുത്തുന്നതിനിടെ ഇസ്രയേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വിമാനത്തിന്റെ ദിശയിലേക്ക് അയച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും അടിയന്തര കൂടിയാലോചനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫ്‌ളൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ പ്രകാരം വിമാനം 7700 എന്ന ട്രാന്‍സ്പോണ്ടര്‍ കോഡ് പ്രക്ഷേപണം ചെയ്തിരുന്നു. പൊതുവായ അടിയന്തര സാഹചര്യം സൂചിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഉപയോഗിക്കുന്ന കോഡാണിത്.

വിമാനത്തിന്റെ ഗതിയില്‍ മാറ്റമുണ്ടാകുന്നതിന് മുമ്പ് ഉയരത്തിലും വേഗതയിലും കാര്യമായ വ്യതിയാനങ്ങളുണ്ടായതായും ട്രാക്കിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. വിമാനം പെട്ടെന്ന് താഴ്ന്നതായും ഗ്രൗണ്ട് സ്പീഡില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായും വിവരങ്ങളില്‍ കാണാം.

സൗദിയിലേക്ക് വഴിതിരിച്ചുവിട്ടതിന് ശേഷം ഏകദേശം 15,000 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നതെന്ന് ട്രാക്കിംഗ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ചില ഫ്‌ളൈറ്റ് ട്രാക്കിംഗ് സംവിധാനങ്ങളില്‍ വിമാനം 7500 എന്ന കോഡും കുറച്ചുസമയം പ്രക്ഷേപണം ചെയ്തതായി സൂചനകളുണ്ടായിരുന്നു. നിയമവിരുദ്ധ ഇടപെടല്‍ അല്ലെങ്കില്‍ റാഞ്ചല്‍ പോലുള്ള സാഹചര്യം സൂചിപ്പിക്കുന്ന കോഡാണിത്. എന്നാല്‍ ഈ വിവരം ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് 7500 കോഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ദി ടൈംസ് ഓഫ് ഇസ്രയേല്‍ ഉദ്ധരിച്ച ഇസ്രയേല്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, റാഞ്ചലല്ല പൈലറ്റുമാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അടിയന്തര സാഹചര്യം സൃഷ്ടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ അക്രമാസക്തമായ തര്‍ക്കത്തിനിടെയാണ് അടിയന്തര സിഗ്നല്‍ സജീവമായതെന്നും റാഞ്ചലുമായി ബന്ധമില്ലെന്നുമാണ് ഇസ്രയേലിലെ പ്രാഥമിക വിലയിരുത്തലെന്ന് അദ്ദേഹം അറിയിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെന്‍ ഗുരിയോണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ എഫ് ഇസെഡ് 1073 വിമാനത്തില്‍ സെപ്റ്റംബര്‍ 30ന് യാത്രയ്ക്കിടെ ഒരു സംഭവം ഉണ്ടായതായി ഫ്‌ളൈദുബായ് സ്ഥിരീകരിച്ചു.

വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഫ്‌ളൈദുബായ് അറിയിപ്പില്‍ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് കമ്പനിയുടെ പരമപ്രധാന പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി.

ബന്ധപ്പെട്ട അധികാരികളുമായി ഫ്‌ളൈദുബായിയുടെ സംഘങ്ങള്‍ അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും സ്ഥിരീകരിക്കപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് തുടര്‍ വിവരങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

സൗദിയില്‍നിന്ന് ഇസ്രയേലിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി മറ്റൊരു വിമാനം അയയ്ക്കുമെന്ന് ഫ്‌ളൈദുബായ് അധികൃതര്‍ അറിയിച്ചു. ഇവരില്‍ ചിലര്‍ വിമാനത്തില്‍ തന്നെ തുടരുകയാണെന്നും പൈലറ്റുമാരെ വിമാനത്തില്‍നിന്ന് മാറ്റിയതായും ഇസ്രയേല്‍ ഗതാഗത ഉദ്യോഗസ്ഥരോട് ഫ്‌ളൈദുബായ് സി ഇ ഒ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ കത്തി ഉപയോഗിച്ചുള്ള ഏറ്റുമുട്ടല്‍ ഉണ്ടായോയെന്നതും അന്വേഷണവിധേയമാക്കുന്നുണ്ട്.