ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിൽ യുസ്മാർഗിനടുത്ത് സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ (LeT) കമാൻഡർ സുലൈമാൻ ഷാ എന്ന 'ഫൗജി മൂസ' കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ വ്യക്തിത്വം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ മൂസയാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
കോരഗ് മേഖലയിലെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സൈനികർ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് നടത്തിയ വെടിവെപ്പിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ സെപ്തംബർ അഞ്ചിന് ഇതേ യുസ്മാർഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂസയുടെ അടുത്ത അനുയായി യാസിർ കൊല്ലപ്പെട്ടിരുന്നു. അന്ന് മൂസ രക്ഷപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തുടർന്ന് ഇയാൾക്കായി പീർ പഞ്ചാൽ മലനിരകളിലെ വനമേഖലയിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ വിവിധ ഭീകരപ്രവർത്തനങ്ങളുമായി മൂസയ്ക്ക് ബന്ധമുണ്ടെന്ന് സുരക്ഷാ ഏജൻസികൾ ആരോപിച്ചിരുന്നു. നിലവിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ ഔദ്യോഗിക തിരിച്ചറിയൽ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. പ്രദേശത്ത് മറ്റേതെങ്കിലും ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്നറിയാൻ സുരക്ഷാസേന വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ഫൗജി മൂസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
