ഗാസ: ഗാസയില്‍ ഹമാസിന്റെ ബന്ദികളായിരിക്കെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഈജിപ്തും ഇന്റര്‍നാഷണല്‍ കമ്മിറ്റിയ് ഓഫ് ദ റെഡ് ക്രോസും (ICRC) ചേര്‍ന്ന് നടത്തുന്ന തെരച്ചിലിന് ഇസ്രായേല്‍ അധികാരികള്‍ അനുമതി നല്‍കിയതായി സ്ഥിരീകരിച്ചു.
ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നിയന്ത്രിക്കുന്ന ഗാസ പ്രദേശത്തിനുള്ളിലെ 'യെല്ലോ ലൈന്‍' കടന്ന് തരച്ചില്‍ നടത്താനാണ് ടീമുകള്‍ക്ക് അനുമതി ലഭിച്ചത്.
ഹമാസ് അംഗങ്ങള്‍ക്കും റെഡ് ക്രോസ് സംഘങ്ങളോടൊപ്പം ഈ തെരച്ചിലില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടമായി, ഹമാസ് 28 ഇസ്രായേല്‍ തടവുകാരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കൈമാറിയിട്ടുണ്ട്. ബാക്കി മൃതദേഹങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള നടപടികളുമായി ഹമാസ് ഇപ്പോള്‍ ഈജിപ്ത് അധികാരികളുമായി സഹകരിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘം അറിയിച്ചു.
'മൃതശരീരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചുനല്‍കണമെന്നും, അല്ലാത്ത പക്ഷം സമാധാനപ്രക്രിയയില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങള്‍ നടപടിയെടുക്കും' എന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈജിപ്ത് ടീം റെഡ് ക്രോസിനൊപ്പം ചേര്‍ന്ന് 'യെല്ലോ ലൈന്‍' കടന്ന് തെരച്ചില്‍ നടത്തുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഇതിനായി എക്‌സ്‌കവേറ്റര്‍ യന്ത്രങ്ങളും ട്രക്കുകളും വിന്യസിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യെല്ലോ ലൈന്‍' ഗാസയുടെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ ഇസ്രായേല്‍ പിന്മാറിയ അതിര്‍ത്തിയെയാണ് സൂചിപ്പിക്കുന്നത്. ഇതുവരെ ഇത്തരം സംഘങ്ങള്‍ക്കുള്ള പ്രവേശനം ഇസ്രായേല്‍ അനുവദിച്ചിരുന്നില്ല.
ട്രംപിന്റെ മധ്യസ്ഥതയില്‍ തയ്യാറായ ഗാസ സമാധാന കരാറില്‍ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ ഈ മാസം ആദ്യമാണ് ഷാര്‍ം അല്‍ ഷെയ്ഖ് നഗരത്തില്‍ വെച്ച് കരാര്‍ ഒപ്പുവെച്ചത്.
തടവുകാരുടെ മൃതദേഹങ്ങള്‍ തിരികെ ലഭിക്കാനുള്ള ഈ നീക്കം ബന്ധുക്കള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. റെഡ് ക്രോസ് ഇതിനകം തന്നെ തടവുകാരുടെ തിരിച്ചുവരവ് പ്രക്രിയയില്‍ പ്രധാന പങ്കുവഹിച്ചിട്ടുമുണ്ട്.
ഹമാസ് ജീവനുള്ളവരെയും മരണപ്പെട്ടവരെയും നേരിട്ട് ഐഡിഎഫിനല്ല കൈമാറുന്നത്. പകരം അവര്‍ റെഡ് ക്രോസിനാണ് കൈമാറുന്നത്. പിന്നീട് റെഡ് ക്രോസ് അവരെ ഗാസ വഴി ഐഡിഎഫിന് കൈമാറുന്നു.
എന്നാല്‍ ഗാസയ്ക്കുള്ളില്‍ ഈജിപ്ത് ഖനന സംഘങ്ങള്‍ എത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കനത്ത ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ഗാസയിലെ 84 ശതമാനം ഭാഗം തകര്‍ന്നുവെന്നതാണ് യുഎന്‍ കണക്കുകള്‍.
'മൃതശരീരങ്ങള്‍ തിരികെ ലഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ബോംബാക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടെന്ന് ഹമാസ് അറിയിച്ചു.
'ഹമാസിന് മൃതദേഹങ്ങള്‍ എവിടെയെന്ന് അറിയാം. അവര്‍ കൂടുതല്‍ ശ്രമിച്ചാല്‍ കണ്ടെത്താനാകും.' എന്നായിരുന്നു ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചത്.
അതേസമയം, ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര സുരക്ഷാസേനയില്‍ ഏത് രാജ്യങ്ങള്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് ഇസ്രായേല്‍ തന്നെയായിരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഈ സേനയുടെ ഭാഗമാകാന്‍ പല രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, പക്ഷേ ഇസ്രായേലിന് അത് സ്വീകാര്യമായിരിക്കണം എന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞു.
ഇത് തുര്‍ക്കിയെ സംബന്ധിച്ചുള്ള പരാമര്‍ശമായിരിക്കാമെന്ന് കരുതപ്പെടുന്നു, കാരണം ഇസ്രായേല്‍ തുര്‍ക്കിയുടെ പങ്കാളിത്തം എതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2023 ഒക്ടോബര്‍ 7നാണ് ഹമാസ് നേതൃത്വത്തിലുള്ള ആയുധധാരികള്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ തടവുകാരാക്കുകയും ചെയ്തത്. അതിനുശേഷം നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ മരണസംഖ്യ 68,500ത്തെ കടന്നതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ തേടി ഈജിപ്തും റെഡ് ക്രോസും ഗാസയില്‍ തെരച്ചില്‍ ആരംഭിച്ചു
