ഗയാന തീരത്ത് 116 യാത്രക്കാരുമായി പോയ ഫെറി മുങ്ങി; 53 പേരെ രക്ഷപ്പെടുത്തി

ഗയാന തീരത്ത് 116 യാത്രക്കാരുമായി പോയ ഫെറി മുങ്ങി; 53 പേരെ രക്ഷപ്പെടുത്തി


ജോര്‍ജ്ടൗണ്‍: ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയുടെ തീരത്തിന് സമീപം 116 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി ബോട്ട് മുങ്ങി. അപകടത്തില്‍പ്പെട്ട എംവി ബരിമ എന്ന ഫെറിയില്‍ നിന്ന് ഇതുവരെ 53 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ജോര്‍ജ്ടൗണില്‍ നിന്ന് പോര്‍ട്ട് കൈറ്റുമയിലേക്ക് പോകുന്നതിനിടെ ഐറണ്‍ പണ്ട് പ്രദേശത്തിന് സമീപമാണ് ഫെറി അപകടത്തില്‍പ്പെട്ടത്.

ഗയാന പൊതുമരാമത്ത് മന്ത്രി ജുവാന്‍ എഡ്ഗില്‍ സാമൂഹിക മാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ 116 യാത്രക്കാരും ജീവനക്കാരും അടങ്ങുന്ന എം വി ബരിമ പോര്‍ട്ട് കൈറ്റുമയിലേക്ക് യാത്രതിരിച്ചതായി അറിയിച്ചു.

ദുരന്തസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ ബോട്ടുകളുടെയും സഹായത്തോടെ വ്യാപകമായ തിരച്ചില്‍- രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

അപകടവിവരം പുറത്തുവന്ന ഉടന്‍ തന്നെ രക്ഷപ്പെടുത്തിയ 53 പേര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ഗയാന കോസ്റ്റ് ഗാര്‍ഡും സ്വകാര്യ ബോട്ടുകളും ചേര്‍ന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

അതേസമയം, ശേഷിക്കുന്ന യാത്രക്കാരുടെ സ്ഥിതിയെക്കുറിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. തിരച്ചില്‍- രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എല്ലാവരെയും സുരക്ഷിതമായി കണ്ടെത്താനാകുമോയെന്നത് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.

1939-ല്‍ നിര്‍മ്മിച്ച ഏകദേശം 40 മീറ്റര്‍ നീളമുള്ള എം വി ബരിമയില്‍ 250 ലൈഫ് ജാക്കറ്റുകളും രണ്ട് ലൈഫ് ക്രാഫ്റ്റുകളും ആറ് വായു നിറയ്ക്കാവുന്ന ലൈഫ് ക്രാഫ്റ്റുകളും സജ്ജീകരിച്ചിരുന്നതായി മന്ത്രി അറിയിച്ചു.