ഗാസ: ഹമാസും പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയും യുദ്ധാനന്തര ഗാസയെ സംയുക്തമായി പ്രവര്‍ത്തിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായതായി ഇരുപക്ഷത്തു നിന്നുമുള്ള ചര്‍ച്ചകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
സമ്പദ്വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, മാനുഷിക സഹായം, പുനര്‍നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികാരമുള്ള 10 മുതല്‍ 15 വരെ കക്ഷിരഹിത വ്യക്തികള്‍ അടങ്ങിയതാണ് കമ്മിറ്റി.
2006ലെ തെരഞ്ഞെടുപ്പില്‍ ഹമാസിന്റെ വിജയത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളും ഫതഹിനെ ഗാസ മുനമ്പില്‍ നിന്ന് പുറത്താക്കിയതും ഇരുകക്ഷികളും എതിരാളികളാകാന്‍ കാരണമായി.
2007-ല്‍ ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തു. അതേസമയം, പാലസ്തീന്‍ അതോറിറ്റി (പി എ) നിയന്ത്രിക്കുന്നത് ഫതഹാണ്. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഭാഗികമായ ഭരണ നിയന്ത്രണവുമുണ്ട്.
യുദ്ധാനന്തര ഗാസ സംയുക്തമായി പ്രവര്‍ത്തിപ്പിക്കുന്നതിന് അന്തിമ പദ്ധതിക്ക് പാലസ്തീന്‍ പ്രസിഡന്റ് അബ്ബാസിന്റെ അനുമതി ആവശ്യമാണ്.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്റോയില്‍ അടുത്തിടെ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് ഈജിപ്തിന്റെ അതിര്‍ത്തിയിലുള്ള റഫാ ചെക്ക്പോസ്റ്റിന്റെ പാലസ്തീന്‍ ഭാഗത്തെ കമ്മിറ്റി നിയന്ത്രിക്കുമെന്ന് ഹമാസും ഫത്തായും സമ്മതിച്ചു. ഇസ്രായേലുമായി പങ്കിടാത്ത പ്രദേശത്തിന്റെ ഒരേയൊരു ക്രോസിംഗാണിത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രായേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രതലത്തില്‍ പുതിയ ശ്രമങ്ങള്‍ നടക്കുന്ന സമയത്താണ് സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് ധാരണയായത്.
യുദ്ധാനന്തരം ഗാസ ആരു ഭരിക്കും എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഏതൊരു വിദേശ ഇടപെടലും നിരസിച്ചുകൊണ്ട് പ്രദേശത്തിന്റെ ഭാവി തങ്ങളുടേതായിരിക്കണമെന്ന് പാലസ്തീനികള്‍ നിര്‍ബന്ധം പിടിച്ചു.
ഗാസ ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഹമാസ് അധികാരത്തില്‍ തിരിച്ചെത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.