ദോഹ: ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍, ബന്ദികളെ കൈമാറല്‍ കരാറിന്റെ അന്തിമ കരട് കൈമാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിന്റെ ചര്‍ച്ചാ സംഘവും യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതനും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദോഹയില്‍ കാര്യങ്ങള്‍ വഴിത്തിരിവിലെത്തിയത്.
എങ്കിലും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ കരട് നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
ഹമാസുമായി ബന്ദികളെ കൈമാറല്‍ കരാറിലെത്തുന്നതിന് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അതിനുള്ള സമയപരിധി വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍ തിങ്കളാഴ്ച ജറുസലേമില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബൈഡന്‍ ഭരണകൂടവുമായും വരാനിരിക്കുന്ന ട്രംപ് ഭരണകൂടവുമായും ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 'കുറച്ചു സമയത്തിനുള്ളില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നും പക്ഷേ അത് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്' എന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തലിനായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ച് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.
ഗാസയില്‍ വെടിനിര്‍ത്തലിന്റെയും ബന്ദികളുടെ തിരിച്ചുവരവിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ച് ബൈഡന്‍ ഊന്നിപ്പറഞ്ഞു.