സനാ: കനത്ത യു.എസ് വ്യോമാക്രമണത്തിൽ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രം തകർന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിലാണ് സൈനിക ആസ്ഥാനം തകർന്നത്. വ്യോമാക്രമണത്തിന്റെ വിഡിയോ ദൃശ്യം യു.എസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും തകർന്ന കേന്ദ്രം ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ വിശകലനത്തിലാണ് സൈനിക ജനറൽ കമാൻഡ് ആസ്ഥാനമാണ് തകർന്നതെന്ന സൂചന ലഭിച്ചത്. അതേസമയം, ഹൂതികൾ ഇക്കാര്യം സമ്മതിച്ചിട്ടില്ല. തലസ്ഥാനമായ സൻആയിലും സഅദയിലും അൽ ജൗഫിലുമാണ് ആക്രമണം നടന്നതെന്ന് ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഅദയിലെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനകളും കമ്യൂണിക്കേഷൻ ടവറുകളും തകർന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ടെലികമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.
യുഎസ് വ്യോമാക്രമണത്തിൽ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രം തകർന്നു
