ബെയ്‌റൂത്ത്: ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ (ഐ സി ജെ) നിലവിലെ പ്രിസൈഡിംഗ് ജഡ്ജിയായ നവാഫ് സലാമിനെ ലെബനന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു.
ജഡ്ജ് നവാഫ് സലാം വിദേശത്താണെന്ന് അറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്താന്‍ റിപ്പബ്ലിക് പ്രസിഡന്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും നാളെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കൂടിയാലോചനകളില്‍ ഭൂരിപക്ഷം നിയമനിര്‍മ്മാതാക്കളും സലാമിനെ പിന്തുണച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പ്രസിഡന്റ് ജോസഫ് ഔണ്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഔദ്യോഗികമായി അഭ്യര്‍ഥിച്ചു. ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കനുസരിച്ച്, താത്ക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാതി ഉള്‍പ്പെടെയുള്ള മറ്റുള്ളവരെ മറികടന്ന് സലാം മുന്‍നിര സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവന്നു.
തിങ്കളാഴ്ച ഉച്ചയോടെ 128 സീറ്റുകളുള്ള പാര്‍ലമെന്റിലെ 78 അംഗങ്ങള്‍ സലാമിനെ പിന്തുണച്ചപ്പോള്‍, ഒമ്പത് പേര്‍ മാത്രമാണ് മിക്കാതിയെ പിന്തുണച്ചത്. സലാമിന് പാര്‍ലമെന്ററി ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനം പ്രസിഡന്റിന്റെ പക്കലായിരുന്നു.
ലെബനനിലെ വിഭാഗീയ അധികാര പങ്കിടല്‍ പ്രകാരം പ്രസിഡന്റ് മരോണൈറ്റ് ക്രിസ്ത്യാനിയും പ്രധാനമന്ത്രി സുന്നി മുസ്ലീമും പാര്‍ലമെന്റ് സ്പീക്കര്‍ ഷിയാ മുസ്ലീമും ആയിരിക്കണം. സുന്നി മുസ്ലീം എന്ന നിലയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സലാം യോഗ്യത നേടുന്നു. മുമ്പ് രണ്ടുതവണ സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഐ സി ജെയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സലാം അന്താരാഷ്ട്ര അംഗീകാരം നേടി. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നടത്തിയ വംശഹത്യ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് അദ്ദേഹം കൈകാര്യം ചെയ്തു..