ഷെയ്ഖ് ഹസീനക്കെതിരെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണല്‍ അറസ്റ്റ് വാറണ്ട്

ഷെയ്ഖ് ഹസീനക്കെതിരെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണല്‍ അറസ്റ്റ് വാറണ്ട്


ധാക്ക: ഓഗസ്റ്റില്‍ രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ (ഐ സി ടി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജുഡീഷ്യല്‍ നടപടികള്‍ ആരംഭിച്ചതിന് ശേഷം ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ഥി വിപ്ലവമായ വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കാലത്ത് നടന്ന കൂട്ടക്കൊലകള്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതായി ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ മനുഷ്യരാശിക്കെതിരായ കൂട്ടക്കൊലകളും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ചെയ്തവരുടെ ചുക്കാന്‍ പിടിച്ചത് ഷെയ്ഖ് ഹസീനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ധാക്ക ട്രിബ്യൂണ്‍ പറയുന്നതനുസരിച്ച് ട്രൈബ്യൂണലിന്റെ പ്രോസിക്യൂഷന്‍ ടീം ഹസീന ഉള്‍പ്പെടെ 50 വ്യക്തികള്‍ക്ക് അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിക്കും അവരുടെ അവാമി ലീഗ് പാര്‍ട്ടിയുടെയും 14-പാര്‍ട്ടി സഖ്യത്തിന്റെയും മറ്റ് നേതാക്കള്‍ക്ക് എതിരെ നിര്‍ബന്ധിത തിരോധാനം, കൊലപാതകം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നിവയുടെ 60ലധികം പരാതികള്‍ ഐ സി ടിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 

ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന ന്യൂഡല്‍ഹിക്ക് സമീപമുള്ള സൈനിക വ്യോമതാവളത്തിലായിരുന്നു എത്തിയത്. ഇത് ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുകയും ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. 

ക്രിമിനല്‍ നടപടികള്‍ നേരിടാന്‍ ഹസീനയെ തിരികെയെത്തിക്കാന്‍ അനുവദിക്കുന്ന കുറ്റവാളി കൈമാറ്റ ഉടമ്പടി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുണ്ട്. എന്നിരുന്നാലും, 'രാഷ്ട്രീയ സ്വഭാവം' ഉള്ള കുറ്റമാണെങ്കില്‍ ഉടമ്പടിയിലെ ഒരു ഖണ്ഡിക കൈമാറ്റത്തിന് നിര്‍ബന്ധിക്കുന്നില്ല.