വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക വീണ്ടും വ്യാപക സൈനിക ആക്രമണം നടത്തിയതിന് പിന്നാലെ, ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറാൻ നേതാക്കൾ നേരിട്ട് തന്നെ ബന്ധപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഇസ്രയേലിന് പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ബുധനാഴ്ച വൈകീട്ട് പുതിയ ആക്രമണ പരമ്പര ആരംഭിച്ചിരുന്നു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം അമേരിക്കൻ സമയം വൈകിട്ട് 5.15ന് ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ 'സ്വയം പ്രതിരോധ നടപടിയുടെ' ഭാഗമായി ആക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
ഇറാന്റെ തുടർച്ചയായ ആക്രമണപരമായ നടപടികൾക്കുള്ള മറുപടിയായാണ് പുതിയ സൈനിക നടപടി സ്വീകരിച്ചതെന്ന് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ അപാച്ചെ ഹെലികോപ്റ്റർ തകർക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായത്.
അതേസമയം, ആക്രമണങ്ങൾ ഒരു ദിവസത്തിൽ അവസാനിക്കില്ലെന്ന സൂചനയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നൽകി. ആവശ്യമെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'ഇന്നലെ ശക്തമായി ആക്രമിച്ചു, ഇന്നും അതുപോലെ തന്നെ ആക്രമിക്കും. സമാധാന കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഇറാൻ മന:പ്പൂർവം നീട്ടിക്കൊണ്ടുപോകുകയാണ്,' എന്ന് ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിനിടെ, അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലും ഖെഷം ദ്വീപിലും മിനാബ്, സിറിക് മേഖലകളിലുമാണ് സഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുന്നതോടെ പശ്ചിമേഷ്യയിൽ പുതിയ സുരക്ഷാ പ്രതിസന്ധി രൂപപ്പെടുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിരിക്കുകയാണ്.
'ഇറാൻ തന്നെ ബോംബാക്രമണം നിർത്താൻ ആവശ്യപ്പെട്ടു'; പുതിയ ആക്രമണങ്ങൾക്കിടെ ട്രംപിന്റെ വെളിപ്പെടുത്തൽ
