ഭീഷണിയില്ല, ഇറാനെതിരേയുള്ള സൈനിക നീക്കങ്ങൾ റദ്ദാക്കി; സമാധാന കരാർ ഉടനെന്ന് ട്രംപ്

ഭീഷണിയില്ല, ഇറാനെതിരേയുള്ള സൈനിക നീക്കങ്ങൾ റദ്ദാക്കി; സമാധാന കരാർ ഉടനെന്ന് ട്രംപ്


ടെഹ്റാൻ: ഇറാനെതിരെ നടത്താനിരുന്ന കടുത്ത സൈനിക നീക്കങ്ങളും വ്യോമാക്രമണങ്ങളും അവസാന നിമിഷം റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ അതീഭീകരമായി ആക്രമിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് പ്രഖ്യാപനം തിരുത്തി ട്രംപ് വീണ്ടും രം​ഗത്തെത്തിയത്. ഇറാന്‍റെ പരമോന്നത നേതൃത്വവുമായും മേഖലയിലെ വിവിധ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ നിർണ്ണായക കരാറിന്‍റെ അവസാന വട്ട വ്യവസ്ഥകൾക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റമെന്ന് ട്രംപ് വെളിപ്പെടുത്തി. തന്‍റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമാവുകയും ഇരുവിഭാഗവും കരാറിന് അംഗീകാരം നൽകുകയും ചെയ്ത സാഹചര്യത്തിൽ, യു.എസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇറാനെതിരെ രാത്രി നടത്താനിരുന്ന ബോംബാക്രമണങ്ങളും മറ്റ് സൈനിക നീക്കങ്ങളും റദ്ദാക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകളിലെ അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും തത്വത്തിലും വിശദമായും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചരിത്രപരമായ ചർച്ചകളുടെയും ധാരണകളുടെയും ഭാഗമായി അമേരിക്ക, ഇസ്രായേൽ എന്നിവർക്ക് പുറമെ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഖത്തർ, തുർക്കി, പാകിസ്താൻ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഈ നയതന്ത്ര ഇടപാടുകൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ ഇറാനെതിരെയുള്ള നാവിക ഉപരോധം കൂടുതൽ ശക്തമായി തന്നെ തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സമാധാന കരാർ ഒപ്പുവെക്കുന്ന തീയതിയും സ്ഥലവും വളരെ പെട്ടെന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

വ്യാഴാഴ്ച രാത്രി ഇറാനെതിരേ അതിശക്തമായ ആക്രമണം നടത്തുമെന്നും വെനസ്വേലയിൽ ചെയ്തതുപോലെ ഇറാന്റെ ഖാർഗ് ദ്വീപ് ഏറ്റെടുക്കുമെന്നും ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ പിടിച്ചെടുക്കുമെന്നുമായിരുന്നു പ്രാദേശിക സമയം രാവിലെ ട്രംപ് അറിയിച്ചിരുന്നത്. വെനസ്വേലയിലെ പോലെ ഇറാന്റെ എണ്ണ-വാതക വിപണികളുടെ പൂർണനിയന്ത്രണവും അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു.