നിർമാണത്തിലിരുന്ന ആണവ നിലയം അമേരിക്ക ആക്രമിച്ചെന്ന് ഇറാൻ; അന്താരാഷ്ട്ര നിയമ ലംഘനമെന്ന് ആരോപണം

നിർമാണത്തിലിരുന്ന ആണവ നിലയം അമേരിക്ക ആക്രമിച്ചെന്ന് ഇറാൻ; അന്താരാഷ്ട്ര നിയമ ലംഘനമെന്ന് ആരോപണം


ടെഹ്രാൻ: തെക്കുപടിഞ്ഞാറൻ ഇറാനിലെ ഡാർഖോവിനിൽ നിർമാണത്തിലിരുന്ന ആണവ വൈദ്യുത നിലയം അമേരിക്ക ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. നിരവധി പ്രൊജക്ടൈലുകൾ ഉപയോഗിച്ചാണ് ഞായറാഴ്ച ആക്രമണം നടത്തിയതെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും ഇറാൻ ആണവോർജ സംഘടന പ്രസ്താവനയിൽ അറിയിച്ചു.

2022ലാണ് ഖുസെസ്താൻ പ്രവിശ്യയിലെ ഡാർഖോവിൻ ആണവ വൈദ്യുത നിലയത്തിന്റെ നിർമാണം ആരംഭിച്ചത്. ആക്രമണത്തെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, ഹോർമുസ് കടലിടുക്കിൽ നാല് എണ്ണക്കപ്പലുകൾ ഇറാന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നും നാവിഗേഷൻ സംവിധാനം ഓഫ് ചെയ്ത് സുരക്ഷിതമല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവികസേന അവകാശപ്പെട്ടു.

അമേരിക്കയുടെ പിന്തുണയോടെയായിരുന്നു കപ്പലുകളുടെ നീക്കമെന്നാണ് ഇറാന്റെ ആരോപണം. ഇതിൽ രണ്ട് കപ്പലുകൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തടഞ്ഞുവെന്നും മറ്റ് രണ്ട് കപ്പലുകളെ മന്നോട്ടപോകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചെന്നും ഐആർജിസി അറിയിച്ചു.

ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലാണെന്നും ഇറാൻ നിർദേശിച്ച സുരക്ഷിത പാതയിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയൂവെന്നും ഐആർജിസി വീണ്ടും അവകാശപ്പെട്ടു.

ഇതിന് ഒരു ദിവസം മുൻപ്, ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ രണ്ട് തിരിച്ചറിയാത്ത എണ്ണക്കപ്പലുകൾ മൈനിൽ തട്ടി പൊട്ടിത്തെറിച്ചതായും ഇറാൻ അറിയിച്ചിരുന്നു.

എന്നാൽ, ഇറാന്റെ അവകാശവാദങ്ങൾ തള്ളി അമേരിക്കൻ സെൻട്രൽ കമാൻഡ് രംഗത്തെത്തി. 'ഐആർജിസിയുടെ മറ്റ് പല അവകാശവാദങ്ങളെയും പോലെ ഇതും തെറ്റാണ്' എന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ അമേരിക്ക പ്രതികരിച്ചത്.

ഹോർമുസ് കടലിടുക്കിലെ സംഭവങ്ങളെക്കുറിച്ചുള്ള ഇറാന്റെയും അമേരിക്കയുടെയും അവകാശവാദങ്ങൾ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ ആശങ്കയുണർത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.