ഇറാനുമായുള്ള കരാർ അന്തിമഘട്ടത്തിൽ; വാരാന്ത്യത്തിൽ യൂറോപ്പിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്

ഇറാനുമായുള്ള കരാർ അന്തിമഘട്ടത്തിൽ; വാരാന്ത്യത്തിൽ യൂറോപ്പിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്


വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കരാർ രേഖകൾ ഏറെക്കുറെ പൂർത്തിയായ നിലയിലാണെന്നും ഈ വാരാന്ത്യത്തിൽ തന്നെ യൂറോപ്പിൽ വച്ച് കരാറിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഇറാനുമായുള്ള ധാരണയെ 'മികച്ച ഒത്തുതീർപ്പ്' എന്നാണ് ട്രംപ് വശേഷിപ്പിച്ചത്. ഉപരാഷ്ട്രപതി ജെ.ഡി. വാൻസിന്റെ സാന്നിധ്യത്തിൽ യൂറോപ്പിൽ വച്ച് കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗാനുമായും വിഷയത്തിൽ ആശയവിനിമയം നടത്തിയതായി ട്രംപ് അറിയിച്ചു. കരാർ നിലവിൽ വന്നാൽ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കരാർ പ്രകാരം ഇറാൻ ആണവായുധം സ്വന്തമാക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് ഉറപ്പുനൽകുമെന്നാണ് ട്രംപിന്റെ വാദം. മുമ്പ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഖാർഗ് ദ്വീപിനെതിരായ സൈനിക നടപടി ഇനി പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇറാനെതിരെ പുതിയ സൈനിക ആക്രമണം ഉണ്ടാകാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയതിനാലും ഇറാന്റെ ഉന്നത നേതൃത്വത്തിന്റെ അനുമതി ലഭിച്ചതിനാലുമാണ് നിശ്ചയിച്ചിരുന്ന വ്യോമാക്രമണങ്ങൾ റദ്ദാക്കിയതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ തള്ളി. കരാറിന് ഇറാൻ നേതൃത്വം അംഗീകാരം നൽകിയെന്ന വാദവും അവർ നഷേധിച്ചു.

ഇതിനിടെ, ഖത്തർ അമീറും ട്രംപും ഫോണിൽ സംസാരിച്ചതായി ഖത്തർ അറിയിച്ചു. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും നിർദിഷ്ട കരാറിന്റെ പുരോഗതിയും ഇരുവരും ചർച്ച ചെയ്തതായി ഖത്തർ അധികൃതർ വ്യക്തമാക്കി.