തെഹ്‌റാന്‍: അമേരിക്കയുടെ ഭീഷണികള്‍ ഇറാനെ ഭയപ്പെടുത്തില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായുള്ള ചര്‍ച്ചകള്‍ അതീവ സംഘര്‍ഷഭരിതമായ സാഹചര്യത്തിലായിരുന്നെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പറഞ്ഞു. ഇറാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള മെഹര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അറാഘ്ചിയുടെ പ്രതികരണം.
ചര്‍ച്ചകള്‍ക്കിടെ വിറ്റ്‌കോഫിനോട് പറഞ്ഞ ഒരു കാര്യം എല്ലാവരെയും അമ്പരപ്പിച്ചിരുന്നുവെന്ന് അറാഘ്ചി പറഞ്ഞു. എന്നാല്‍ ഇത് ഏത് ഘട്ടത്തിലെ ചര്‍ച്ചയെ കുറിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഏത് നിമിഷവും ബോംബാക്രമണത്തില്‍ തകര്‍ന്നുപോകാന്‍ സാധ്യതയുള്ള ഒരു യോഗത്തില്‍ നിങ്ങള്‍ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുണ്ടോ? എന്നായിരുന്നു അറാഘ്ചി വിറ്റ്‌കോഫിനോട് ചോദിച്ചത്. അത് കേട്ട് എല്ലാവരും അമ്പരന്ന് നിശബ്ദരായതായും അറാഘ്ചി പറഞ്ഞു.
ഫോണില്‍ സംസാരിക്കുമ്പോള്‍ ഏത് നിമിഷവും ആക്രമണത്തില്‍ കൊല്ലപ്പെടാമെന്നും കുടുംബവുമായി നടത്തുന്ന സംഭാഷണം ഇതായിരിക്കും അവസാനത്തേതെന്നും നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നും അദ്ദേഹം വിറ്റ്‌കോഫിനോട് ചോദിച്ചതായി വ്യക്തമാക്കി.
ഇറാനെ ഭീഷണിപ്പെടുത്താനോ സമ്മര്‍ദത്തിലാക്കാനോ അമേരിക്കയ്ക്ക് കഴിയില്ലെന്നും അത്തരം സാഹചര്യങ്ങളെല്ലാം നേരിട്ടാണ് രാജ്യം മുന്നോട്ടുപോയതെന്നും അറാഘ്ചി പറഞ്ഞു.
തങ്ങളുടേത് വെനസ്വേല പോലൊരു രാജ്യമല്ലെന്നും ഒരാളെ ഇല്ലാതാക്കിയാല്‍ മറ്റുള്ളവര്‍ ഭയന്ന് പിന്മാറുന്ന സാഹചര്യമല്ല ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.
12 ദിവസത്തെ യുദ്ധത്തിന് മുമ്പുള്ള ചര്‍ച്ചകളില്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകാതിരുന്നതോടെയാണ് സംഘര്‍ഷം രൂക്ഷമായതെന്നും അറാഘ്ചി പറഞ്ഞു.
അവര്‍ കഠിനമായ വഴിയാണ് തെരഞ്ഞെടുത്തതെന്നും ഒടുവില്‍ 12 ദിവസത്തെ യുദ്ധത്തില്‍ പരാജയം നേരിട്ടതായും യുദ്ധത്തിനുശേഷവും അവര്‍ മറ്റൊരു തെറ്റായ കണക്കുകൂട്ടലിലാണ് വീണതെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പ്രതിരോധശേഷിയെ അമേരിക്കയും ഇസ്രായേലും ശരിയായി വിലയിരുത്തിയില്ലെന്നാണ് അറാഘ്ചിയുടെ ആരോപണം. യുദ്ധം ദീര്‍ഘിച്ചതോടെ കൂടുതല്‍ ആയുധങ്ങളും സൈനിക സംവിധാനങ്ങളും വിന്യസിച്ചെങ്കിലും ഒടുവില്‍ യുദ്ധം അവസാനിപ്പിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടം ഏതാനും ദിവസത്തെ ആക്രമണത്തിലൂടെ എല്ലാം തകര്‍ക്കാനും ഭരണകൂടം തകരുമെന്നും ഇസ്ലാമിക് റിപ്പബ്ലിക് കീഴടങ്ങുമെന്നും കരുതിയെങ്കിലും എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്നും ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിയുമെന്ന് അവര്‍ പ്രതീക്ഷിച്ചെങ്കിലും അതിന് പകരം ജനങ്ങള്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുകയും ഒപ്പം നില്‍ക്കുകയും ചെയ്തതായും അറാഘ്ചി പറഞ്ഞു. യുദ്ധം നീണ്ടുപോകാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്നും അതിനാല്‍ യുദ്ധം അവസാനിപ്പിക്കേണ്ട സാഹചര്യം അവര്‍ക്കുണ്ടായെന്നും അറാഘ്ചി പറഞ്ഞു.
അതേസമയം, അറാഘ്ചിയുടെ ഈ അവകാശവാദങ്ങളോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
