യു എസ് ഉപരോധ ഇളവിനിടെ 600 കോടി ഡോളറിന്റെ ഇറാനിയന്‍ എണ്ണ ചൈനയിലേക്കെന്ന് റിപ്പോര്‍ട്ട്

യു എസ് ഉപരോധ ഇളവിനിടെ 600 കോടി ഡോളറിന്റെ ഇറാനിയന്‍ എണ്ണ ചൈനയിലേക്കെന്ന് റിപ്പോര്‍ട്ട്


തെഹ്‌റാന്‍: അമേരിക്ക താത്ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ച ഏകദേശം ഒരു മാസത്തെ ഇടവേള പ്രയോജനപ്പെടുത്തി ഇറാന്‍ 500 മുതല്‍ 600 കോടി ഡോളര്‍ വരെ മൂല്യമുള്ള ക്രൂഡ് ഓയില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ട്. ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉദ്ധരിച്ച യുണൈറ്റഡ് എഗെയിന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍, എണ്ണ വിപണി വിദഗ്ധര്‍ എന്നിവരുടെ വിലയിരുത്തലുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂണ്‍ 17-ന് അമേരിക്കയും ഇറാനും തമ്മിലുണ്ടായ താത്ക്കാലിക ധാരണയെ തുടര്‍ന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ഉപരോധം യു എസ് ഇളവ് ചെയ്തതോടെ ജൂണ്‍ അവസാനത്തോടെ ഇറാന്റെ 20-ഓളം ടാങ്കറുകള്‍ മലേഷ്യയുടെ കിഴക്കന്‍ തീരത്തിന് സമീപത്തെ സമുദ്രപ്രദേശത്ത് എത്തിത്തുടങ്ങി. രാജ്യത്ത് സംഭരിച്ചിരുന്ന എണ്ണ എത്രയും വേഗം വിദേശത്തേക്ക് എത്തിക്കുകയെന്നതായിരുന്നു തെഹ്‌റാന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

ഇറാനില്‍ നിന്ന് പുറപ്പെട്ട ഡിയോണ, ഹീറോ 2, സോണിയ 1, സ്ട്രീം എന്നീ ടാങ്കറുകളാണ് ആദ്യഘട്ട കയറ്റുമതിയില്‍ ഉള്‍പ്പെട്ടത്. ഈ എണ്ണയുടെ അന്തിമ ലക്ഷ്യസ്ഥാനം ചൈനയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇറാന്‍ പതിവായി സ്വീകരിക്കുന്ന രീതി തന്നെയാണ് ഇത്തവണയും പിന്തുടര്‍ന്നത്. മലേഷ്യയുടെ പ്രാദേശിക സമുദ്രാതിര്‍ത്തിക്ക് പുറത്തുള്ള ഈസ്റ്റേണ്‍ ഔട്ടര്‍ പോര്‍ട്ട് ലിമിറ്റ്‌സ് മേഖലയിലേക്ക് എണ്ണക്കപ്പലുകള്‍ എത്തിച്ചശേഷം കടലില്‍ വച്ചുതന്നെ വന്‍ ഹോസുകളുടെ സഹായത്തോടെ മറ്റൊരു ടാങ്കറിലേക്ക് എണ്ണ മാറ്റുകയായിരുന്നു. പിന്നീട് ഈ എണ്ണ വിലക്കുറവില്‍ വാങ്ങുന്ന ചൈനയിലെ സ്വകാര്യ റിഫൈനറികളായ 'ടീപോട്ട് റിഫൈനറികള്‍' ലക്ഷ്യമാക്കി ടാങ്കറുകള്‍ യാത്ര തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം രഹസ്യ കൈമാറ്റങ്ങള്‍ ഇറാനിയന്‍ എണ്ണ വ്യാപാരത്തിനെതിരെ നടപടിയെടുക്കുന്നത് അമേരിക്കയ്ക്ക് കൂടുതല്‍ ദുഷ്‌കരമാക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

ജൂണ്‍ 17-ലെ താത്ക്കാലിക ധാരണയ്ക്കുശേഷം ഇറാന്റെ കിഴക്കന്‍ തീരത്തുള്ള ചാബഹാര്‍ തുറമുഖത്തില്‍ നിന്ന് എണ്ണ നിറച്ച ടാങ്കറുകള്‍ അതിവേഗം ഏഷ്യയിലേക്ക് പുറപ്പെട്ടു. ജൂണ്‍ രണ്ടാം പകുതിയില്‍ മാത്രം ചൈനയിലേക്ക് എത്തിക്കാനായി ഏകദേശം 5 കോടി ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്തതെന്ന് യുണൈറ്റഡ് എഗെയിന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍ വ്യക്തമാക്കുന്നു. യുദ്ധത്തിന് മുമ്പ് ഒരു മാസത്തിനിടെ ചൈനയിലേക്കുള്ള ഇറാന്റെ ശരാശരി എണ്ണക്കയറ്റുമതിക്ക് സമാനമായ അളവാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ മധ്യത്തിനും ജൂലൈ മധ്യത്തിനുമിടയില്‍ ഉപരോധ ഇളവുണ്ടായിരുന്ന കാലയളവില്‍ ആകെ 7 കോടി ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്തതെന്നാണ് കണക്കുകള്‍. ഇതിന്റെ മൂല്യം 500 മുതല്‍ 600 കോടി ഡോളര്‍ വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ സമ്പദ്വ്യവസ്ഥ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണ്. അതിനാല്‍ ലഭിക്കുന്ന ഓരോ ഡോളര്‍ വരുമാനവും രാജ്യത്തിന് നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയെ നേരിടാനുള്ള തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി ഈ വരുമാനത്തിന് ഇറാന്‍ മുന്‍ഗണന നല്‍കാന്‍ സാധ്യതയുണ്ടെന്ന് അറ്റ്‌ലാന്റിക് കൗണ്‍സിലിലെ മിഡില്‍ ഈസ്റ്റ് വിദഗ്ധന്‍ ജോനാഥന്‍ പാനിക്കോഫ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞു.

ജൂലൈയില്‍ ഏഷ്യന്‍ സമുദ്രമേഖലയില്‍ ഇറാനിയന്‍ ടാങ്കറുകളുടെ സാന്നിധ്യം ഗണ്യമായി വര്‍ധിച്ചതിനാല്‍ വരും മാസങ്ങളില്‍ എണ്ണ വില്‍പ്പനയിലൂടെ ഇറാന് ശതകോടിക്കണക്കിന് ഡോളറിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം, പിന്നീട് അമേരിക്ക ഹോര്‍മുസ് കടലിടുക്കിന് മേല്‍ വീണ്ടും ഉപരോധം പുനഃസ്ഥാപിച്ചതോടെ ഇറാന്റെ എണ്ണക്കയറ്റുമതിക്ക് വീണ്ടും തിരിച്ചടി നേരിട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.