ടെഹറാൻ: രാജ്യതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യു.എസ് യുദ്ധകപ്പലിനെ ഹെലികോപ്ടർ ഉപയോഗിച്ച് തുരത്തിയോടിച്ച് ഇറാൻ. ഒമാൻ ഉൾക്കടലിലാണ് ഇറാൻ അതിർത്തിക്ക് സമീപം യു.എസ് യുദ്ധക്കപ്പൽ പ്രത്യക്ഷപ്പെട്ടത്. ഇറാനിയൻ സ്റ്റേറ്റ് ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യു.എസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുന്നത്.
ബുധനാഴ്ച പ്രാദേശിക സമയം പത്ത് മണിയോടെയാണ് ഇറാൻ അതിർത്തിക്ക് സമീപം യു.എസിന്റെ യുദ്ധക്കപ്പൽ പ്രത്യക്ഷപ്പെട്ടത്. യുദ്ധക്കപ്പലിന്റെ സാന്നിധ്യം ദൃശ്യമായ ഉടൻ ഇറാൻ പ്രതികരിച്ചു. നാവികസേനയുടെ ഹെലികോപ്ടർ യുദ്ധക്കപ്പലിന് നേരെ അയച്ചു. ഹെലികോപ്ടർ യു.എസ് കപ്പലിന് മുകളിലൂടെ പറക്കുകയും സമുദ്രാതിർത്തിയിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പ്രദേശം വിട്ടുപോയില്ലെങ്കിൽ ഇറാൻ ഹെലികോപ്ടറിനെ ലക്ഷ്യമിടുമെന്നായിരുന്നു ഇതിനോടുള്ള യു.എസ് ഭീഷണി. എന്നാൽ, ഹെലികോപ്ട വ്യോമപ്രതിരോധ സംവിധാനത്തിന്റെ സുരക്ഷയിലാണെന്ന് ഇറാൻ അറിയിച്ചതോടെ യു.എസ് പിൻവാങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസി അരാഗച്ചി വ്യക്തമാക്കിയിരുന്നു. യു.എസ്-ഇസ്രായേൽ ആക്രമണം തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പദ്ധതിയിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ആണവസമ്പുഷ്ടീകരണം ഇറാന്റെ അഭിമാന പദ്ധതിയായി മാറിയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസം യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ആണവകേന്ദ്രങ്ങൾക്ക് നാശമുണ്ടായി എന്നത് ശരിയാണ്. ഇപ്പോൾ ഞങ്ങളുടെ ശാസ്തജ്ഞർ ആണവകേന്ദ്രങ്ങൾക്ക് എത്രത്തോളം നാശമുണ്ടായെന്ന പരിശോധന നടത്തുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആണവ വൈദ്യുതനിലയങ്ങൾക്ക് വേണ്ടിയുള്ള യുറേനിയം മാത്രമാണ് ഞങ്ങൾ ശേഖരിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യു.എസ് യുദ്ധകപ്പലിനെ ഹെലികോപ്ടർ ഉപയോഗിച്ച് തുരത്തി ഇറാൻ
