വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ച് ഇസ്രായേൽ; 3000 വീടുകൾ നിർമ്മിക്കും

വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ച് ഇസ്രായേൽ; 3000 വീടുകൾ നിർമ്മിക്കും


റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലികൾക്കായി പുതിയ കുടിയേറ്റം അനുവദിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച്. 

ഏറെ വിമർശനത്തിനിടയാക്കിയ ഇ1 കുടിയേറ്റ പദ്ധതിക്കാണ് അംഗീകാരം നൽകുന്നതെന്ന്  സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രായേലിലെത്തുന്ന കുടിയേറ്റക്കാർക്കായി 3000 വീടുകൾ പുതുതായി നിർമിക്കുന്ന പദ്ധതിക്കാണ് അംഗീകാരം നൽകാനൊരുങ്ങുന്നത്. വെസ്റ്റ് ബാങ്കിലെ മാലെ അഡുമിമിലുള്ള കുടിയേറ്റങ്ങളെ അധിനിവിഷ്ട കിഴക്കൻ ജറൂസലമുമായി ബന്ധിപ്പിക്കുന്ന പദ്ധതി വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽനിന്ന് പൂർണമായി മുറിച്ചുമാറ്റുന്നതാകും. കിഴക്കൻ ജറൂസലമിലുള്ള പലസ്തീനികൾക്ക് വെസ്റ്റ് ബാങ്കിലെത്താൻ ഇതോടെ വഴികളടയും.

കടുത്ത അന്താരാഷ്ട്ര സമ്മർദംമൂലം പതിറ്റാണ്ടുകളായി ഇ1 കുടിയേറ്റ പദ്ധതി നടപ്പാക്കാനാകാതെ കുരുക്കിലായിരുന്നു. അതിനിടെ, കഴിഞ്ഞ മാർച്ചിൽ തെക്ക്വടക്കൻ വെസ്റ്റ് ബാങ്കുകളെ ബന്ധിപ്പിച്ച് പലസ്തീനികൾക്ക് മാത്രമായി റോഡ് നിർമാണവും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. പ്രധാന ഹൈവേയിൽ പലസ്തീനികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതാണ് നീക്കം. ''പലസ്തീൻ രാജ്യമെന്ന ആശയത്തെ പൂർണമായി കുഴിച്ചുമൂടുന്നതാണ് ഇ1 നിർമാണ പദ്ധതി''യെന്ന് സ്‌മോട്രിച്ച് പറഞ്ഞു. 
ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ആസ്‌ട്രേലിയ അടക്കം രാജ്യങ്ങൾ അടുത്തിടെ പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സ്‌മോട്രിച്ചിന്റെ പ്രഖ്യാപനത്തെ ഖത്തർ അപലപിച്ചു. വിശാല ഇസ്രായേൽ സ്ഥാപനം ലക്ഷ്യമാണെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു നടത്തിയ പ്രസ്താവനയെ ഖത്തർ, സൗദി അറേബ്യ, ജോർഡൻ, യമൻ തുടങ്ങിയ രാജ്യങ്ങളും വിമർശിച്ചു.

വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും 300 നിയമവിരുദ്ധ കുടിയേറ്റങ്ങളിലായി ഏഴു ലക്ഷം ഇസ്രായേലി കുടിയേറ്റക്കാർ കഴിയുന്നുണ്ട്. ഇവയെല്ലാം 1967നു ശേഷം നിർമിച്ചവയാണ്.

അതേസമയം, ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ ഭക്ഷണം കാത്തുനിന്ന 22 പേരടക്കം 54 പേർ കൊല്ലപ്പെട്ടു. പട്ടിണിമൂലം നാലുപേർ മരണത്തിന് കീഴടങ്ങിയ ഗസ്സയിൽ ഇതോടെ പട്ടിണി മരണം 106 കുട്ടികളടക്കം 239 ആയി.