യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുക, അല്ലെങ്കില്‍ 'ഉന്മൂലനം' നേരിടുക: ഹമാസിന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍

യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുക, അല്ലെങ്കില്‍ 'ഉന്മൂലനം' നേരിടുക: ഹമാസിന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍


വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചു. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് പുതിയ നിര്‍ദേശം നെതന്യാഹുവിന് മുന്നില്‍ വെച്ചത്. ഇരുപതുമാസത്തോളമായി രക്തരൂഷിതയുദ്ധം നടക്കുന്ന ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലാണ് കരാറില്‍ ലക്ഷ്യമിടുന്നത്. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ 'സമ്പൂര്‍ണ്ണ നാശം നേരിടേണ്ടിവരുമെന്ന്' ഹമാസിന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് (sIrael Ktaz ) മുന്നറിയിപ്പ് നല്‍കി.

യുഎസിന്റെ താത്കാലിക വെടിനിര്‍ത്തല്‍ബന്ദിമോചന നിര്‍ദേശവുമായി ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് വ്യാഴാഴ്ച ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് നെതന്യാഹു ഉറപ്പുനല്‍കി. 60 ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി രണ്ട് ഘട്ടങ്ങളായി 10 ഇസ്രായേലി ബന്ദികളെയും 18 മൃതദേഹങ്ങളെയും മോചിപ്പിക്കാനും 1,236 പലസ്തീന്‍ തടവുകാരെയും 180 പലസ്തീന്‍ മൃതദേഹങ്ങള്‍ക്കൊപ്പം മോചിപ്പിക്കാനും നിര്‍ദ്ദേശത്തില്‍ വ്യവസ്ഥയുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പലസ്തീന്‍ അനുകൂല സംഘടനയായ ഹമാസിന് കൈമാറിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് ഹമാസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.

അമേരിക്ക മുന്നോട്ടുവച്ച ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഹമാസിന് കര്‍ശന മുന്നറിയിപ്പ് നല്‍കി. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ 'സമ്പൂര്‍ണ്ണ നാശം നേരിടേണ്ടിവരുമെന്നും' ഹമാസിന് ഇസ്രായേല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹമാസ് കരാര്‍ അംഗീകരിക്കുന്നതുവരെ ഗാസയില്‍ ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ഇസ്രയേല്‍ സൈനികരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വ്യോമ, കര, കടല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും കാറ്റ്‌സ് വ്യക്തമാക്കി.
ഗാസയിലെ മാനുഷികപ്രതിസന്ധിയുടെ പേരില്‍ ഇസ്രയേലിനോടുള്ള നിലപാട് കടുപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളോടാവശ്യപ്പെട്ടതിനെ ഇസ്രയേല്‍ അപലപിച്ചു. അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കില്‍ മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റവിപുലീകരണം നടത്താനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. പുതുതായി 22 ജൂതകുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഇതിനോടകം ഔട്ട്‌പോസ്റ്റുകളായി നിര്‍മിച്ചിട്ടുള്ള കുടിയേറ്റകേന്ദ്രങ്ങളും പദ്ധതിയിലൂടെ നിയമാനുസൃതമാക്കും.