ജറൂസലം: ഉപരോധം മൂലം മാസങ്ങഴായി പട്ടിണിയിലായ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങളിൽ 103ലേറെ പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിനിടയിലാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 1948ൽ ഇസ്രായേൽ സ്ഥാപിതമായ ശേഷം ജൂത സൈന്യം 7.50 ലക്ഷത്തിലേറെ പലസ്തീനികളെ ആട്ടിയോടിച്ചതിന്റെ 77ാമത് വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം. തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ ബുധനാഴ്ച രാത്രി മാത്രം ആക്രമണങ്ങളിൽ 57 പേർ കൊല്ലപ്പെട്ടതായി നാസർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വടക്കൻ മേഖലയിൽ ഗാസ സിറ്റിയിലെയും ജബലിയയിലെയും ജനവാസ മേഖലകളിൽ ഇസ്രായേൽ ബോംബിട്ടു. ഗാസയിൽ മറ്റൊരു രക്തരൂഷിത ദിനം എന്ന് ദേർ അൽ ബലാഹിൽ നിന്ന് അൽ ജസീറ ലേഖകൻ താരിഖ് അബു അസൂം റിപ്പോർട്ട് ചെയ്തു. ഒരു മുന്നറിയിപ്പുമില്ലാതെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഖാൻ യൂനിസിലെ ഒമ്പത് വീടുകൾക്ക് മേൽ ബോംബിട്ടു.
ഈ വീടുകളിലെ മുഴുവൻ കുടുംബങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ നിരന്തരം ലഭിച്ചതിനെത്തുടർന്ന് സാധാരണക്കാർ പലായനം ചെയ്യേണ്ട സ്ഥിതിയാണ്. ഉറങ്ങിക്കിടക്കുമ്പോഴാണ് പലസ്തീനികൾക്ക് മേൽ ഇസ്രായേൽ ബോംബിടുന്നത്. ജബലിയ അഭയാർഥി ക്യാമ്പിലും സമീപ പ്രദേശങ്ങളിലും 13 തവണ വ്യോമാക്രമണം നടത്തി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സിവിൽ ഡിഫൻസിന് കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂക്ഷമായ വ്യോമാക്രമണവും സൈനിക മുന്നറിയിപ്പും കാരണം ആയിരക്കണക്കിനു പേർ വ്യാഴാഴ്ച കുടിയൊഴിഞ്ഞു പോയതായി അൽ ജസീറയുടെ മറ്റൊരു ലേഖകൻ ഹനി മഹമൂദ് റിപ്പോർട്ട് ചെയ്തു. പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള നീക്കം ഇസ്രായേൽ തുടങ്ങിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ തകർത്തും എല്ലാ മാനുഷിക സഹായങ്ങൾക്കും വിലക്കേർപ്പെടുത്തിയുമാണ് ഇസ്രായേൽ പദ്ധതി നടപ്പാക്കുന്നത്. ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു.
19 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേൽ വാസയോഗ്യമല്ലാതാക്കിയിട്ടുണ്ട്. 90 ശതമാനം പലസ്തീനികളും പല തവണ കുടിയിറക്കപ്പെടുകയും ചെയ്തു. ഗാസയിലേക്കുള്ള ഭക്ഷണവും മരുന്നും അടക്കമുള്ള സഹായങ്ങൾ രണ്ടു മാസത്തോളമായി പൂർണമായും തടഞ്ഞിരിക്കുകയാണ്. ഇസ്രായേൽ ഉപരോധം പിൻവലിച്ച് സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ഗാസ കൊടും പട്ടിണിയിലാകുമെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.