സൻആ: യമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലേക്ക് ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം. വൈദ്യുതി പ്ലാന്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെ സൻആയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായതായി ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപവും ആക്രമണമുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച ഹൂതികൾ ഇസ്രായേലിലേക്ക് ക്ലസ്റ്റർ മിസൈൽ തൊടുത്തിരുന്നു. ഇത് പുതിയൊരു ഭീഷണിയാണെന്നാണ് ഇസ്രായേൽ വ്യോമസേനാ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചശേഷം ആദ്യമായാണ് ഹൂതികൾ ക്ലസ്റ്റർ മിസൈൽ പ്രയോഗിക്കുന്നത്.