വടക്കന്‍ ഗാസയില്‍ ഭക്ഷണം തേടിയെത്തിയ 67 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി ഹമാസ്

വടക്കന്‍ ഗാസയില്‍ ഭക്ഷണം തേടിയെത്തിയ 67 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി ഹമാസ്


ഗാസ:  വടക്കന്‍ ഗാസയില്‍ യുഎന്‍ സഹായ ലോറികള്‍ക്കായി കാത്തിരുന്ന 67 പേരെയെങ്കിലും ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നുവെന്ന് ഹമാസ് നിയന്ത്രിക്കുന്ന പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെട്ട 25 ഓളം ട്രക്കുകള്‍  ഇസ്രായേലില്‍ നിന്ന് കടന്ന് എത്തുന്നത് കാത്തുനിന്ന, പട്ടിണികൊണ്ടുലഞ്ഞ വന്‍ ജനക്കൂട്ടത്തിനുനേരെയാണ് ഇസ്രായേല്‍ സേന വെടിവച്ചത്.
'ഒരു അടിയന്തര ഭീഷണി' ഒഴിവാക്കുന്നതിനായി 'മുന്നറിയിപ്പ് വെടിവയ്പ്പ്' നടത്തിയതാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ഹമാസ് പ്രാദേശിക ഭരണകൂടം റിപ്പോര്‍ട്ട് ചെയ്ത അത്രയും പേര്‍ മരിച്ചിട്ടില്ല എന്നും ഐഡിഎഫ് അറിയിച്ചു.

ഗാസയില്‍ കടുത്ത പട്ടിണി വര്‍ദ്ധിച്ചുവരികയാണെന്നും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ആളുകള്‍ ഏറെ അവശനിലയിലാണെന്ന് ശനിയാഴ്ച മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ പട്ടിണി മൂലം ദിവസവും മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. പട്ടിണിമൂലം നൂറുകണക്കിന് ആളുകള്‍ ഇനിയും മരിക്കുന്ന സാഹചര്യമാണുള്ളതെന്നും ഭക്ഷ്യവസ്തുക്കളടങ്ങിയ സഹായങ്ങള്‍ അടിയന്തരമായി എത്തിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 'ക്ഷാമം മൂലം' 18 മരണങ്ങള്‍ രേഖപ്പെടുത്തിയതായി ഞായറാഴ്ച മന്ത്രാലയം അറിയിച്ചു.

വടക്കന്‍ ഗാസയില്‍ നിന്നുള്ള നിരവധി പേരെ ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ താങ്ങാവുന്നതിലും ആളുകള്‍ പ്രവേശിപ്പിക്കപ്പെട്ടതായി അവിടത്തെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹസ്സന്‍ അല്‍ഷെയര്‍ ഞായറാഴ്ച ബിബിസി അറബിക്കിനോട് പറഞ്ഞു.

ആശുപത്രിക്ക് പുറത്ത് ഒരു സ്ത്രീ ബിബിസി അറബിക്കിനോട് പറഞ്ഞു, 'മുഴുവന്‍ ജനങ്ങളും മരിക്കുന്നു'.

'ഭക്ഷണം കഴിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്നു. ആളുകള്‍ വെള്ളവും ഉപ്പും മാത്രം കഴിച്ചാണ് ജീവിക്കുന്നത്... വെള്ളവും ഉപ്പും മാത്രം,' അവര്‍ പറഞ്ഞു.

ഗാസയിലുടനീളം ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ ആകെ 93 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. വടക്കന്‍ ഗാസയില്‍ എണ്‍പത് പേര്‍ കൊല്ലപ്പെട്ടു, അതേസമയം തെക്കന്‍ ഗാസയിലെ റാഫയിലെ ഒരു സഹായ കേന്ദ്രത്തിന് സമീപം ഒമ്പത് പേരും ഖാന്‍ യൂനിസിലെ ഒരു സഹായ കേന്ദ്രത്തിന് സമീപം നാല് പേരും വെടിയേറ്റ് മരിച്ചു.

ഗാസ സിറ്റിയില്‍, ഒരു ബാഗ് ധാന്യപ്പൊടിയെങ്കിലും കിട്ടുന്നതിനായി ശ്രമിച്ചെങ്കിലും നിരാശരായ ജനക്കൂട്ടത്തെയുംഭക്ഷ്യവസ്തുക്കള്‍ക്കായി അവര്‍ നടത്തുന്ന 'മാരകമായ തിരക്കും തള്ളലും' കണ്ടെത്തിയതായി ഖാസിം അബു ഖാതര്‍ എഎഫ്പിയോട് പറഞ്ഞു.

'ടാങ്കുകള്‍ ഞങ്ങള്‍ക്ക് നേരെ ക്രമരഹിതമായി ഷെല്ലുകള്‍ വര്‍ഷിച്ചു, ഇസ്രായേലി സ്‌നൈപ്പര്‍ സൈനികര്‍ ഒരു കാട്ടില്‍ മൃഗങ്ങളെ വേട്ടയാടുന്നതുപോലെ ജനക്കൂട്ടത്തെ വെടിവച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

'എന്റെ കണ്‍മുന്നില്‍ ഡസന്‍ കണക്കിന് ആളുകള്‍ രക്തസാക്ഷികളായി, ആര്‍ക്കും ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.'

സഹായം തേടുന്ന സാധാരണക്കാര്‍ക്കെതിരായ അക്രമം 'പൂര്‍ണ്ണമായും അസ്വീകാര്യമാണ്' എന്ന് യുഎന്നിന്റെ ലോക ഭക്ഷ്യ പരിപാടി (ഡബ്ല്യുഎഫ്പി) അപലപിച്ചു.

'പോഷകാഹാരക്കുറവ് വര്‍ദ്ധിച്ചുവരികയാണ്, 90,000 സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്' എന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍, ഡബ്ല്യുഎഫ്പി പറഞ്ഞു. 'മൂന്നില്‍ ഒരാള്‍ വീതം ദിവസങ്ങളായി പട്ടിണിയിലാണെന്ന് പ്രസ്താവന വ്യക്തമാക്കി.

മെയ് അവസാനം മുതല്‍ ഭക്ഷണം തേടുന്നതിനിടെ പലസ്തീനികള്‍ കൊല്ലപ്പെടുന്നതായി ദിവസേന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ശനിയാഴ്ച തെക്കന്‍ ഗാസയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം ഇസ്രായേലി വെടിവയ്പ്പില്‍ കുറഞ്ഞത് 32 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

ഇസ്രായേല്‍ സൈനിക മേഖലകളിലെ സൈറ്റുകളില്‍ നിന്നുള്ള സഹായം വിതരണം ചെയ്യാന്‍ സ്വകാര്യ സുരക്ഷാ കരാറുകാരെ ഉപയോഗിക്കുന്ന വിവാദമായ യുഎസ്, ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നടത്തുന്ന സ്ഥലങ്ങള്‍ക്ക് സമീപമാണ് പല സംഭവങ്ങളും നടന്നത്. ചില വെടിവെയ്പുകള്‍ യുഎന്‍ സഹായവസ്തുക്കള്‍ കൊണ്ടുവന്നയിടങ്ങളിലും നടന്നു.