വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനഘട്ടത്തിലാണെന്ന സൂചന നൽകി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'യുദ്ധം അതിന്റെ അവസാനത്തിലേക്ക് വളരെ അടുത്തിരിക്കുകയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഫോക്സ് ബിസിനസ് ചാനലിലെ 'മോർണിംഗ്സ് വിത്ത് മരിയ' പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് പ്രതികരിച്ചത്. യുദ്ധം അവസാനിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ പ്രഖ്യാപനം നടത്തിയില്ലെങ്കിലും, 'അവസാനത്തിലേക്ക് നീങ്ങുകയാണ്' എന്ന് അദ്ദേഹം വ്യക്തമാക്കി.
ആറ് ആഴ്ച പിന്നിട്ട യുദ്ധം അനിവാര്യമായതുകൊണ്ടാണ് ആരംഭിച്ചതെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാനാണ് ഈ നടപടി എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിനിടെ, പാകിസ്താൻ ഇടപെട്ട് നടപ്പാക്കിയ രണ്ട് ആഴ്ചത്തെ വെടിനിർത്തൽ ഏപ്രിൽ 22ന് അവസാനിക്കാനിരിക്കുകയാണ്. അതേസമയം, ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ കഴിഞ്ഞ വാരാന്ത്യത്തിൽ തകരാറിലായതിനാൽ പുതിയ ചർച്ചകൾക്ക് നീക്കമുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.
അമേരിക്ക ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റുമുള്ള കടൽ ഉപരോധം തുടരുകയാണ്. കൂടാതെ യുഎസ്എസ് അബ്രഹാം ലിങ്കൺ യുദ്ധക്കപ്പൽ സംഘം ഇറാൻ തീരത്തോട് ചേർന്ന് വിന്യസിച്ചിരിക്കുകയാണ്.
സംഘർഷം അവസാനത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കിടയിലും, അന്താരാഷ്ട്ര സമൂഹം സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇറാൻ യുദ്ധം അവസാനഘട്ടത്തിലേക്ക്? 'വേഗത്തിൽ തീരുമെന്ന് സൂചന നൽകി ട്രംപ്
